പാകിസ്ഥാനിലെ ന്യൂനപക്ഷങ്ങൾ; ദശാബ്ദങ്ങൾ നീളുന്ന അനീതിയുടെ ഇരകൾ !

Kolambi

പാകിസ്ഥാൻ ഭരണഘടനയുടെ ആമുഖത്തിൽതന്നെ, ‘ പരമകാരുണികനായ അല്ലാഹുവിന്റെ നാമത്തിൽ’ എന്നാണ്. പരമശക്തനും പരമാധികാരമുള്ളവനുമായ പ്രപഞ്ചസ്രഷ്ടാവിന്റെ അസ്തിത്വത്തെപ്പറ്റി അതിൽ പരാമർശങ്ങളുണ്ട്. പ്രസ്തുത ഭാഗത്തെ അഞ്ചാമത്തെ പാരഗ്രാഫിൽ .”വിശുദ്ധ ഖുർആനിലും സുന്നത്തിലും പറഞ്ഞിരിക്കുന്ന ഇസ്‌ലാമിന്റെ പഠിപ്പിക്കലുകൾക്കും ആവശ്യകതകൾക്കും അനുസൃതമായി വ്യക്തിഗതവും കൂട്ടായതുമായ മേഖലകളിൽ അവരുടെ ജീവിതം ക്രമീകരിക്കാൻ മുസ്ലിങ്ങളെ പ്രാപ്തരാക്കും;” എന്നത് ഒരു ഫെഡറൽ ഡെമോക്രാറ്റിക് റിപ്പബ്ലിക് രാഷ്ട്രത്തിന്റെ ഭരണഘടനയിൽ വരണമെങ്കിൽ മതം എത്രത്തോളം ഭീകരമായ തോതിൽ ആ നാട്ടിൽ ആഴ്ന്നിറങ്ങിയിട്ടുണ്ടാവും !!

മതം പ്രാകൃതമായ ഒന്നാണ്. ഒരു മതത്തിന് ഒരു രാജ്യത്തിൽ ഭൂരിപക്ഷം ഉണ്ടാകുമ്പോൾ സ്വാഭാവികമായും ന്യൂനപക്ഷങ്ങളെ പരിഗണിക്കാതെ ഭൂരിപക്ഷം അതിന്റെ പ്രാകൃത സ്വഭാവങ്ങൾ കാണിക്കും. ലോകത്ത് എവിടെ നോക്കിയാലും ഒരു മതത്തിന് ഭൂരിപക്ഷമുള്ള ഇടങ്ങളിൽ മനുഷ്യാവകാശങ്ങൾ ലംഘിക്കപ്പെടുകയും, ജനാധിപത്യവിരുദ്ധമായും ഏകാധിപതിപരമായും ആ മതം ഭൂരിപക്ഷത്തിന്റെ താൽപര്യങ്ങൾ സംരക്ഷിക്കും. അതിനായി നിയമങ്ങൾ നിർമ്മിക്കും ന്യൂനപക്ഷങ്ങളെ അവരാൽ ആവുംവിധം ക്രൂശിക്കുകയും ചെയ്യും.
പാകിസ്ഥാനിലെ മത ന്യൂനപക്ഷങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ നിരന്തരം വാർത്തകളിൽ നിറയാറുണ്ട്.
2020 ഏപ്രിൽ മാസത്തിലാണ് ക്രിസ്ത്യൻ മതത്തിൽപെട്ട പതിന്നാലുവയസുകാരി മരിയ ഷഹബാസിനെ തോക്കു ചൂണ്ടി പർവേശ് മസിഹ്, യൂനസ് മാസിഹ്, നയീം മാസിഹ് എന്നീ മൂന്ന് പേർ ചേർന്നു തട്ടിക്കൊണ്ടു പോയത്. ആളുകൾ അടുത്ത് ചെല്ലാതിരിക്കുവാനിവർ, ആകാശത്തേക്ക് നിരവധി വട്ടം വെടിയുതിർത്തതായും ദൃക്സാക്ഷികൾ പറയുന്നു. പിന്നീട്, തട്ടിക്കൊണ്ടു പോയ വ്യക്തി പെൺകുട്ടിയെ നിർബന്ധപൂർവ്വം വിവാഹം കഴിക്കുകയും മതം മാറ്റുകയും ചെയ്തു. മകളെ തിരികെ ലഭിക്കുവാൻ വിവിധ മാർഗങ്ങൾ നോക്കിയെങ്കിലും കഴിഞ്ഞ കുറെ മാസങ്ങളായി പെൺകുട്ടി ഇയാളുടെ പക്കലാണെന്നും മകളെ തിരികെ ലഭിക്കണമെന്നും ആവശ്യപ്പെട്ടു മരിയയുടെ പിതാവ് ലാഹോർ കോടതിയെ സമീപിചു.
പക്ഷെ കോടതിവിധി അക്ഷരാർത്ഥത്തിൽ ഞെട്ടിക്കുന്ന ഒന്നായിരുന്നു. കോടതി മരിയയെ വെറുതെവിട്ടില്ല. മതപരിവർത്തനം പെൺകുട്ടിയുടെ സമ്മതത്തോടെയാണ് നടന്നതാണെന്നും തട്ടിക്കൊണ്ടു പോയ വ്യക്തി അവരെ വിവാഹം കഴിക്കണമെന്നും കോടതി ഉത്തരവിട്ടു. പ്രായപരിശോധന നടത്താൻ ഉത്തരവിട്ടെങ്കിലും പെൺകുട്ടി ഋതുമതിയായതിനാൽ ശരിയാ നിയമപ്രകാരം വിവാഹം സാധുവാണെന്നാണ് കോടതി വിധിച്ചു. 2014ൽ പാകിസ്ഥാനിൽ പാസാക്കിയ നിയമപ്രകാരം 18 വയസിൽ താഴെയുള്ള പെൺകുട്ടികളുടെ വിവാഹം നിയമവിരുദ്ധമാണ്. ഈ നിയമം പരിഗണിക്കാതെയാണ് ഹൈക്കോടതിവിധി വന്നത്. ഒപ്പം അയാളുടെ നല്ല ഭാര്യയായി ജീവിക്കണമെന്നും ആ 14 വയസ്സുള്ള പെൺകുട്ടിയോട് കോടതി ഉപദേശിച്ചു.
പാകിസ്ഥാനിൽ നിന്നും ഏറ്റവുമൊടുക്കം കേൾക്കുന്ന വാർത്തയാണ് സുനിത മസിഹിന്റെ. 14 വയസുള്ള സുനിത എന്ന ക്രിസ്ത്യൻ പെൺകുട്ടിയെ മതം മാറ്റാൻ ശ്രമിച്ചെന്നും ഇതിനായി ശഹാദത്ത് കലിമ ചൊല്ലാൻ നിർബന്ധിച്ചെന്നും, തയാറാവാതെ ഇരുന്ന സുനിതയെ കൂട്ട ബലാത്സംഗത്തിനു ഇരയാക്കിയെന്നും എതിർത്തപ്പോൾ തല മുണ്ഡനം ചെയ്‌തെന്നും വാർത്തകൾ പുറത്തു വന്നിരുന്നു.. പാകിസ്ഥാനിലെ മനുഷ്യ സ്നേഹികളായ സിനിമ താരങ്ങൾ ഫൈസൽ ഖുറേഷിയും നദിയ ജമീലും അടക്കം നിരവധിയാളുകൾ #justiceforsunithamasih എന്ന #ലൂടെ ലോകത്തെ കാര്യങ്ങളറിയിച്ചു. കേരളത്തിലെ മാധ്യമങ്ങൾ ഇതൊന്നും അറിഞ്ഞില്ലെങ്കിലും ഇന്ത്യ ടുഡേ, ഔട്ട്ലൂക് ഉൾപ്പെടെയുള്ള മാധ്യമങ്ങൾ ഈ വാർത്തകൾ റിപ്പോർട്ട്‌ ചെയ്തിരുന്നു.

4. പാകിസ്ഥാനിലെ മതങ്ങൾ

മരിയ ഷഹബാസും സുനിത മസിഹുമൊക്കെ അനീതി നേരിടുന്ന പാകിസ്ഥാനിലെ ആദ്യത്തെ ന്യൂനപക്ഷമതത്തിൽ നിന്നുള്ള ആളുകളല്ല.
ഒരുപക്ഷേ അവസാനത്തെ ആളും ആയിരിക്കില്ല. ഒരു മതം ഒരു രാജ്യത്തെ മൃഗീയ ഭൂരിപക്ഷം ആകുമ്പോൾ ഇനിയും ഇതുപോലെ മരിയമാരും സുനിതകളും സൃഷ്ടിക്കപ്പെടും. പാകിസ്ഥാൻപോലെ ലോകത്തിലെത്തന്നെ രണ്ടാമത്തെ വലിയ ഇസ്ലാമിക രാഷ്ട്രമായ, ആകെ ജനസംഖ്യയിൽ വിക്കിപീഡിയ കണക്കുകൾ പ്രകാരം 96.28% മുസ്ലിങ്ങൾ ഉള്ള പാകിസ്ഥാനിൽ അഥവാ Islamic Republic of പാകിസ്ഥാനിൽ
മതന്യൂനപക്ഷങ്ങളുടെ അവസ്ഥ ദയനീയമാണ്.

എൻസൈക്ലോപീഡിയ ബ്രിട്ടാണിക്കയുടെ സൈറ്റിൽ നിന്നും ലഭിക്കുന്ന കണക്കുകൾ പ്രകാരം ഭൂരിപക്ഷം അതായത് 96 ശതമാനവും മുസ്ലീങ്ങൾ ഉള്ള ഒരു രാജ്യമാണ് പാക്കിസ്ഥാൻ. രണ്ടു ശതമാനം ഹിന്ദുക്കൾ 1.6 ശതമാനം ക്രിസ്ത്യാനികൾ, പേരിനുമാത്രംമാത്രം സിക്കിസം ബുദ്ധിസം ജൈനിസം എന്നിവയാണ് മറ്റ് മത വിഭാഗങ്ങൾ. ചുരുക്കത്തിൽ മുസ്ലിങ്ങൾ അല്ലാത്തവരെല്ലാം പാകിസ്ഥാനിൽ ന്യൂനപക്ഷങ്ങൾ തന്നെ. ഇന്ത്യാ വിഭജനത്തിലൂടെ ബ്രിട്ടീഷുകാരിൽ നിന്നും സ്വാതന്ത്ര്യംനേടി നിലവിൽ വന്ന പാകിസ്ഥാന്റെ ഔദ്യോഗിക മതവും ഇസ്ലാം തന്നെ. “global center for political Islam” അഥവാ രാഷ്ട്രീയ ഇസ്‌ലാമിന്റെ ആഗോള കേന്ദ്രം എന്ന വിളിപ്പേരുള്ള പാകിസ്ഥാനിന് ഈ പേര് ആദ്യം ഉപയോഗിച്ചതുതന്നെ മുസ്ലിംങ്ങൾക്ക് ബ്രിട്ടീഷ് ഇന്ത്യയിൽ പ്രത്യേക രാജ്യം എന്ന ആശയം പ്രചരിപ്പിച്ചിരുന്ന ചൌധരി റഹ്മത്ത് അലിയാണ്. ഇൻഡോനീഷ്യ കഴിഞ്ഞാൽ ലോകത്തിലെ ഏറ്റവും അധികം മുസ്ലീങ്ങളുള്ള പാകിസ്ഥാനിൽ സുന്നി വിഭാഗത്തിലുള്ളവരാണ് ഭൂരിഭാഗവും. ഏകദേശം 75-95 % ആളുകൾ. ഷിയാ വിഭാഗത്തിലുള്ളവർ 5 മുതൽ 20 ശതമാനം വരെ കൈയ്യാളുന്നു. അഹമ്മദികൾ രണ്ടു ശതമാനത്തോളം ഉണ്ട്.

ഭൂരിപക്ഷം ന്യൂനപക്ഷത്തെ ഭരിക്കുന്നില്ല എന്ന സാമൂഹിക സന്തുലിതാവസ്ഥയാണ് ഒരു ജനാധിപത്യ രാഷ്ട്രത്തിന്റെ ഏറ്റവും മനോഹരമായ അന്തസത്ത. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രം ആയിരുന്നിട്ടുപോലും ഇന്ത്യയിൽ ഭൂരിപക്ഷ മതം ന്യൂനപക്ഷങ്ങളെ ഏതൊക്കെ തരത്തിൽ ഉപദ്രവിക്കുന്നുണ്ട് എന്ന് നമ്മൾ പലപ്പോഴും കാണാറുണ്ട്. 2020 ഡിസംബർ 30ന് ടൈംസ് ഓഫ് ഇന്ത്യ ഒരു വാർത്ത റിപ്പോർട്ട് ചെയ്തു. ഓരോ വർഷവും ആയിരക്കണക്കിന് ന്യൂനപക്ഷ മത വിഭാഗങ്ങളിൽ പെടുന്ന പെൺകുട്ടികളെയാണ് പാകിസ്താനിൽ കടത്തിക്കൊണ്ട് പോവുകയും, കടത്തിക്കൊണ്ട് പോകുന്നവർ വിവാഹം ചെയ്യുന്നതിലൂടെ അവരെ മതംമാറ്റുകയും ചെയ്യുന്നത്. നമ്മൾ നേരത്തെ സൂചിപ്പിച്ച മരിയ ഷഹബാസിനെപോലെ ഒരായിരം പെൺകുഞ്ഞുങ്ങൾ ഓരോവർഷവും പാകിസ്ഥാനിൽ ഉണ്ടാകുന്നു എന്ന് ചുരുക്കം.

2020 ഒക്ടോബറിൽ കറാച്ചി സ്വദേശിയായ അർസു രാജാ എന്ന പെൺകുട്ടിയെ ഒരു 44കാരൻ തട്ടിക്കൊണ്ടു പോയെന്നും കുട്ടിയെ മുസ്സീമാക്കി മതം മാറ്റിയ ശേഷം വിവാഹം ചെയ്തെന്നും പത്ര റിപ്പോർട്ടുകൾ വന്നിരുന്നു. ഒക്ടോബർ 13ന് കുട്ടിയെ വീട്ടിൽ നിന്ന് തട്ടിക്കൊണ്ടു പോകുകയായിരുന്നുവെന്നും പിന്നീട് ഭർത്താവ് എന്ന് അവകാശപ്പെടുന്ന വ്യക്തി കുട്ടിയ്ക്ക് 18 വയസ്സുണ്ടെന്ന് കാണിക്കുന്ന സർട്ടിഫിക്കറ്റ് ഹാജരാക്കി ഇസ്ലാമിലേയ്ക്ക് മതം മാറ്റുകയായിരുന്നുവെെന്നുമാണ് ഡെയിലി മെയിൽ റിപ്പോർട്ട് ചെയ്തത്. പാക്കിസ്ഥാനിലെ മതന്യൂനപക്ഷങ്ങളിൽ വരുന്ന പെൺകുട്ടികൾ ക്രൂരമായ ബലാത്സംഗത്തിന് ഇരയാവുകയും, കടത്തിക്കൊണ്ടുപോകലിനും നിർബന്ധിത വിവാഹത്തിനും നിർബന്ധിത മതപരിവർത്തനത്തിനും വിധേയമാകുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങൾ നിരന്തരം റിപ്പോർട്ട് ചെയ്യുന്നുണ്ട്.

3. മതാധിപത്യത്തെ ശരിവെക്കുന്ന ഭരണഘടന

പാകിസ്ഥാൻ ഭരണഘടനയുടെ ആമുഖത്തിൽതന്നെ, ‘ പരമകാരുണികനായ അല്ലാഹുവിന്റെ നാമത്തിൽ’ എന്നാണ്. പരമശക്തനും പരമാധികാരമുള്ളവനുമായ പ്രപഞ്ചസ്രഷ്ടാവിന്റെ അസ്തിത്വത്തെപ്പറ്റി അതിൽ പരാമർശങ്ങളുണ്ട്. പ്രസ്തുത ഭാഗത്തെ അഞ്ചാമത്തെ പാരഗ്രാഫിൽ .”വിശുദ്ധ ഖുർആനിലും സുന്നത്തിലും പറഞ്ഞിരിക്കുന്ന ഇസ്‌ലാമിന്റെ പഠിപ്പിക്കലുകൾക്കും ആവശ്യകതകൾക്കും അനുസൃതമായി വ്യക്തിഗതവും കൂട്ടായതുമായ മേഖലകളിൽ അവരുടെ ജീവിതം ക്രമീകരിക്കാൻ മുസ്ലിങ്ങളെ പ്രാപ്തരാക്കും;” എന്നത് ഒരു ഫെഡറൽ ഡെമോക്രാറ്റിക് റിപ്പബ്ലിക് രാഷ്ട്രത്തിന്റെ ഭരണഘടനയിൽ വരണമെങ്കിൽ മതം എത്രത്തോളം ഭീകരമായ തോതിൽ ആ നാട്ടിൽ ആഴ്ന്നിറങ്ങിയിട്ടുണ്ടാവും.

മുസ്ലിം ഭൂരിപക്ഷ രാഷ്ട്രമായ പാക്കിസ്ഥാനിലെ ഭരണം Federal Parliamentary Democratic Republic ആണ്. ദേശീയ തലത്തിൽ, പാകിസ്ഥാനിലെ ജനങ്ങൾ പാകിസ്താൻ പാർലമെന്റ് എന്ന ദ്വിസഭ നിയമസഭയെ തിരഞ്ഞെടുക്കുന്നു. പാർലമെന്റിൽ ദേശീയ അസംബ്ലി എന്നറിയപ്പെടുന്ന ഒരു താഴത്തെ സഭയും നേരിട്ട് തിരഞ്ഞെടുക്കപ്പെടുന്ന സെനറ്റ് എന്ന ഒരു ഉപരിസഭയും ഉൾപ്പെടുന്നു, തിരഞ്ഞെടുക്കപ്പെട്ട പ്രവിശ്യാ നിയമസഭാംഗങ്ങൾ അംഗങ്ങളെ തിരഞ്ഞെടുക്കുന്നു. ഗവൺമെന്റിന്റെ തലവൻ, പ്രധാനമന്ത്രിയെ ദേശീയ അസംബ്ലിയിലെ ഭൂരിപക്ഷ അംഗങ്ങൾ തിരഞ്ഞെടുക്കുന്നു,, അതിൽ പാർലമെന്റിന്റെ ഇരുസഭകളും നാലുപേരും ഉൾപ്പെടുന്നു പ്രവിശ്യാ സമ്മേളനങ്ങളുമുണ്ട്. ഇതിൽ ഭരണഘടനയുടെ ആർട്ടിക്കിൾ 51 (2 എ) പ്രകാരം ദേശീയ അസംബ്ലിയിൽ മതന്യൂനപക്ഷങ്ങൾക്ക് 10 റിസർവ്ഡ് സീറ്റുകളും ആർട്ടിക്കിൾ 106 പ്രകാരം നാല് പ്രവിശ്യാ അസംബ്ലികളിലെ ന്യൂനപക്ഷങ്ങൾക്ക് 23 സീറ്റുകളും നൽകുന്നു. എന്നാൽ നിയമത്താൽ സംവരണം ചെയ്യപ്പെട്ടിട്ടുള്ളത് കൊണ്ട് മാത്രം ചില പ്രാധിനിത്യം ഉണ്ടാവുന്നു എന്നതൊഴിച്ചാൽ ജനറൽ സീറ്റുകളിലോ, അധികാര കേന്ദ്രങ്ങളിലേക്കോ, ഭരണ നേതൃത്വത്തിലേക്കോ ആളുകൾ തെരഞ്ഞെടുക്കപ്പെടുന്നില്ല. സംവരണം പോലും എത്രത്തോളം നിരർത്ഥകമാണെന്ന് മനസിലാക്കാം.

2. വായടപ്പിക്കാൻ മതനിന്ദ

ഒരു രാജ്യത്തിന്റെ ഡൈവേഴ്സിറ്റി ഇല്ലാതാവുകയും, ഒരു മതത്തിന് പ്രാധാന്യം ലഭിക്കുകയും ചെയ്യുമ്പോൾ ആ മതത്തെ വിമർശിക്കാനുള്ള അവകാശം സ്വാഭാവികമായി നഷ്ടപ്പെടും. പാകിസ്ഥാനും ഇക്കാര്യത്തിൽ വ്യത്യസ്തമല്ല. പാകിസ്ഥാൻ സർക്കാർഅഭിപ്രായ സ്വാതന്ത്ര്യത്തെ നിയമത്താൽ നിരോധിക്കുന്നില്ല. എന്നിരുന്നാലും, മതവുമായി ബന്ധപ്പെട്ട് സംസാരിക്കാനുള്ള സ്വാതന്ത്ര്യത്തിനുള്ള അവകാശത്തെ ഭൂരിപക്ഷ മതം അധികാരം കൈയാളുന്ന ഒരു രാഷ്ട്രത്തിൽ നിയന്ത്രിക്കപ്പെടുക തന്നെ ചെയ്യും. മതന്യൂനപക്ഷങ്ങളെയും സ്വതന്ത്രചിന്തകരെയും സർക്കാരിനെ വിമർശിക്കുന്ന പത്ര പ്രവർത്തകർക്കെതിരെയും എടുത്തു പ്രയോഗിക്കാൻ ഈ മതരാഷ്ട്രത്തിൽ ഒരു ആയുധമുണ്ട് മതനിന്ദ അഥവാ ബ്ലാസ്ഫെമി. ഇസ്‌ലാമിനെതിരെ സംസാരിക്കുന്നതും ഇസ്‌ലാമിനോ അതിന്റെ പ്രവാചകർക്കോ നേരെ വിമർശിക്കുന്ന പ്രസിദ്ധീകരണങ്ങളും പാകിസ്ഥാനിൽ നിരോധിച്ചിട്ടുണ്ട്. മതനിന്ദ നടത്തിയിട്ടുണ്ട് എന്നതിന് പ്രത്യക്ഷമായി യാതൊരു തെളിവുകളും ആവശ്യമില്ല. ഒരാൾസാക്ഷി പറഞ്ഞാൽ മാത്രം മതിയാകും. മുഹമ്മദിന്റെ പേര് അശുദ്ധമാക്കുന്ന ആർക്കും വധശിക്ഷയോ ജീവപര്യന്തമോ പാകിസ്ഥാന്റെ ശിക്ഷാ നിയമം നിർബന്ധമാക്കുന്നു.പാകിസ്ഥാൻ പീനൽ കോഡ് ഖുറാനെ അപകീർത്തിപ്പെടുത്തിയാൽ ജീവപര്യന്തം തടവും മതവികാരങ്ങളെ പ്രകോപിപ്പിക്കാനുള്ള ഉദ്ദേശ്യത്തോടെ മറ്റൊരാളുടെ മതവിശ്വാസത്തെ അപമാനിച്ചതിന് 10 വർഷം വരെ തടവും വിധിക്കുന്നു.

വ്യക്തിവൈരാഗ്യം തീർക്കുവാനും മതനിന്ദ കുറ്റം വ്യാപകമായി പാകിസ്താനിൽ ഉപയോഗിക്കാറുണ്ട് ഇതിന് ഉദാഹരണമായി ഒരു കേസ് പറയാം. മതനിന്ദാക്കുറ്റം ചുമത്തി ഒരു ഗാർമെന്റ് ഫാക്ടറി തൊഴിലാളിയെ പാക്കിസ്ഥാൻ കോടതി വധശിക്ഷയ്ക്കു വിധിച്ചു. സ്ഥാപനത്തിലെ സൂപ്പർവൈസർക്ക്, ക്രിസ്ത്യാനിയായ അസിഫ് പർവേസ് പ്രവാചകനെ നിന്ദിക്കുന്ന ഫോൺ സന്ദേശം അയച്ചുവെന്നതായിരുന്നു ആരോപണം. 2013ൽ റജിസ്റ്റർ ചെയ്ത കേസിലാണു ലഹോർ കോടതിയുടെ വിധി 2020 സെപ്റ്റംബറിൽ വന്നത്. മതം മാറുവാൻ സൂപ്പർവൈസർ തന്നെ നിർബന്ധിച്ചിരുന്നതായി ആസിഫ് പർവേസ് കോടതിയിൽ പറഞ്ഞുവെങ്കിലും ലാഹോർ ഹൈക്കോടതി അത് മുഖവിലക്കെടുത്തില്ല. ആദ്യമായല്ല കോടതി ഇസ്ലാമിന് അനുകൂലമായി നിലകൊള്ളുന്നത്. നമ്മൾ നേരത്തെ കണ്ട മരിയ ഷഹബാസ് കേസിൽ പോലും നീയൊരു ഉത്തമയായ ഭാര്യ ആയിരിക്കാനാണ് കോടതി 14കാരിയായ മരിയയോട് ഉപദേശിച്ചത്. പ്രശസ്ത NGO ഗ്ലോബൽ ഹ്യൂമൻ റൈറ്റ്സ് ഡിഫൻസ് പുറത്തുവിട്ട റിപ്പോർട്ടിൽ ന്യൂനപക്ഷ മതസ്ഥരെ അടിച്ചമർത്താൻ പാക് ഭരണകൂടം ആയുധമാക്കുന്നത് മതനിന്ദയെന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. മതനിന്ദ എന്ന കുറ്റം ചുമത്തപ്പെട്ട ന്യൂനപക്ഷ മതസ്ഥരുടെ എണ്ണത്തിൽ വൻ വർധനഉണ്ടായതായും റിപ്പോർട്ടിൽ പറയുന്നു. പാക്കിസ്ഥാൻ മതനിന്ദ എന്ന ആയുധം ഉപയോഗിക്കുന്നത് ന്യൂനപക്ഷ മതസ്ഥരെ പീഡിപ്പിക്കാനും അവരെ മതപരിവർത്തനം ചെയ്യിക്കാനുമാണെന്നായിരുന്നു അവരുടെ റിപ്പോർട്ട്.

1. ന്യൂനപക്ഷങ്ങൾക്കെതിരെ സായുധ ആക്രമണങ്ങൾ

മതന്യൂനപക്ഷങ്ങൾക്കെതിരെ നടത്തുന്ന സായുധ ആക്രമണങ്ങളും പാകിസ്ഥാനിൽ വളരെ അധികമാണ്. 1974 പാകിസ്ഥാനിൽ അഹമ്മദീയരെ അമുസ്ലീങ്ങൾ ആയി പ്രഖ്യാപിച്ചുകൊണ്ട് ഭരണഘടന ഭേദഗതി ചെയ്തു.1953 ലെ ലാഹോർ കലാപത്തിലും 1974 ലെ അഹ്മദിയ വിരുദ്ധ കലാപത്തിലും നൂറുകണക്കിന് അഹ്മദികൾ കൊല്ലപ്പെടുകയുണ്ടായി. 2010 മെയ് മാസത്തിൽ ലാഹോർ ആക്രമണത്തിൽ 94 പേർ മരിക്കുകയും 120 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അഹ്മദിയ സമുദായത്തിലെ രണ്ട് പള്ളികൾക്കെതിരായ ഒരേസമയം നടന്ന ആക്രമണങ്ങളിൽ തെഹ്രിക്-ഇ-താലിബാൻ പാകിസ്ഥാനും അവരുടെ പഞ്ചാബ് വിഭാഗവും ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുകയും ചെയ്തിരുന്നു.
ഹിന്ദുമതത്തിലെ കാസ്റ്റ് സിസ്റ്റത്തിൽ നിന്നും പുറത്തു നടക്കുവാൻ വേണ്ടി ബ്രിട്ടീഷ് രാജ് സമയത്ത് ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്തവരാണ് പാകിസ്ഥാനിലെ ഭൂരിഭാഗം ക്രിസ്ത്യാനികളും. പാകിസ്ഥാനിലെ എല്ലാ മത ന്യൂനപക്ഷങ്ങളെയും പോലെ ക്രിസ്ത്യാനികളും നിരവധി പീഡനങ്ങൾക്കും ആക്രമണങ്ങൾക്കും ഇരകളാവാറുണ്ട്. 2017 ഡിസംബറിൽ പാകിസ്ഥാനിൽ ഒരു പള്ളിക്ക് നേരെയുണ്ടായ ആക്രമണത്തിൽ ഒമ്പത് പേർ കൊല്ലപ്പെടുകയും 57 പേർക്ക് പരിക്കേൽക്കുകയും ചെയ്തു
2016 മാർച്ചിൽ ലാഹോർ കളിസ്ഥലത്ത് ഈസ്റ്റർ ആഘോഷിക്കുന്ന ക്രിസ്ത്യാനികളെ ലക്ഷ്യമിട്ടുള്ള ചാവേർ ആക്രമണത്തിൽ 70 പേർ മരിക്കുകയും 340 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. 2015 മാർച്ചിൽ ലാഹോറിലെ പള്ളികളിൽ നടന്ന രണ്ട് ബോംബ് സ്ഫോടനങ്ങളിൽ 14 പേർ കൊല്ലപ്പെടുകയും 70 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. 2013 ൽ പെഷവാർ പള്ളിയിൽ നടന്ന ഇരട്ട ചാവേർ ആക്രമണത്തിൽ 80 ഓളം പേർ മരിച്ചു. 2009 ൽ പഞ്ചാബിലെ ഗോജ്ര പട്ടണത്തിൽ 40 ഓളം വീടുകളും പള്ളിയും ഒരു ജനക്കൂട്ടം കത്തിച്ചു, എട്ട് പേർ ജീവനോടെ കത്തിച്ചു. 2005 ൽ, ഫൈസലാബാദിലെ നൂറുകണക്കിന് ആളുകൾ വീടുകളിൽ നിന്ന് പലായനം ചെയ്തു. പള്ളികളും ക്രിസ്ത്യൻ സ്കൂളുകളും ഒരു ജനക്കൂട്ടം തീകൊളുത്തി.

പാകിസ്ഥാനിൽ പഠിച്ചവർ നേരിടുന്ന വലിയൊരു വിഭാഗം ആണ് പാകിസ്താനിലെ ഹിന്ദുക്കൾ. പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയിലെ പെൺകുട്ടികളാണ് ഏറ്റവുമധികം അതിക്രമങ്ങൾക്ക് ഇരയാവുന്നത്. ഒരു ഹിന്ദു യുവാവ് മുസ്ലിം പള്ളിക്ക് സമീപത്ത് നിന്നും വെള്ളം കുടിച്ചു എന്ന പേര് പറഞ്ഞു 2010 ജൂലൈയിൽ കറാച്ചിയിലെ മുറാദ് മേമൻ ഗോത്ത് പരിസരത്ത് 150 ഓളം ഹിന്ദുക്കളെ ആക്രമിച്ചത് വാർത്തയായിരുന്നു. ഹിന്ദു ക്ഷേത്രങ്ങൾ ആക്രമിച്ചു തകർക്കുന്നതും പാകിസ്ഥാനിലെ നിരന്തര വാർത്തകളിലെ ഒന്നാണ്. ജാമിയത്ത് ഉലെമ ഇ ഇസ്ലാം പാർട്ടിയുടെ നേതൃത്വത്തിലുള്ളവർ 2020 ഡിസംബറിൽ വടക്ക് പടിഞ്ഞാറൻ പാകിസ്ഥാനിൽ ഹിന്ദു ക്ഷേത്രം തകർത്തിരുന്നു.

പാകിസ്ഥാനിലെ സിന്ധ് മേഖലയിലാണ് ഹിന്ദു ഭൂരിപക്ഷം കൂടുതലുള്ളത്. 2016 ൽ മതപരിവർത്തനം തടയുന്നതിനായി ഈ പ്രദേശത് സൂഫി മുസ്ലിം ലീഗ് ലനേതാവ് Pir Pagaraയുടെ നേതൃത്വത്തിൽ ഒരു ബില്ല് സിന്ദ് അസംബ്ലി പാസാക്കിയിരുന്നു. പക്ഷേ ഇതുവരെ ഇതിന് യാതൊരു ഫലവും കിട്ടിയില്ല. ദരിദ്ര അമുസ്ലിം കുടുംബങ്ങളിൽ നിന്നുള്ള പെൺകുട്ടികളെ ഇപ്പോഴും തട്ടിക്കൊണ്ടുപോവുകയും നിർബന്ധിത മത പരിവർത്തനത്തിന് വിധേയരാക്കുകയും ചെയ്യുന്നു.

യൂറോപ്യൻ പാർലമെന്റ് അംഗങ്ങൾ സമാഹരിച്ച പാക്കിസ്ഥാനിലെ മതന്യൂനപക്ഷങ്ങളെക്കുറിച്ചുള്ള 2019ലെ റിപ്പോർട്ട് പ്രകാരം പാകിസ്ഥാനിലെ പൊതുവിദ്യാഭ്യാസ സിലബസിൽ ഖുർആൻ പഠനം നിർബന്ധമായ ഒന്നാണ്. ഇസ്ലാമിനെ അടിസ്ഥാനമാക്കിയുള്ള പാക്കിസ്ഥാന്റെ പ്രത്യയശാസ്ത്രം, ജിഹാദ്, ഷഹാദത്ത് പാത എന്നിവ ഉൾപ്പെടുന്ന പാഠ്യപദ്ധതിയിൽ ഹിന്ദുമതത്തെ അടക്കം ശത്രുക്കളായി പ്രഖ്യാപിക്കുന്ന ഭാഗങ്ങളുമുണ്ടെന്നു കണ്ടെത്തി. ഇസ്ലാമിക സംസ്കാരം മഹത്തരമാണെന്നും മറ്റുള്ളവരൊക്കെ മോശമാണെന്നും ചിത്രീകരിക്കുന്ന ഭാഗങ്ങൾ നിരവധി പാഠപുസ്തകങ്ങളിൽ കണ്ടെത്തുകയുണ്ടായി. ലോകമെമ്പാടും കോറോണവൈറസ് പടരുകയും ജനങ്ങൾ നിസ്സഹായർ ആവുകയും ചെയ്ത സമയത്ത് പോലും പാക്കിസ്ഥാനിലെ മുസ്ലിം ഇതര വിഭാഗങ്ങൾക്ക് നേരിടേണ്ടിവന്ന ഡിസ്ക്രിമിനേഷൻ നിസ്സാരമല്ല. കറാച്ചിയിലെ മുസ്ലിം സന്നദ്ധസംഘടനകൾ ഹിന്ദുക്കൾക്കും ക്രിസ്ത്യാനികൾക്കും ഭക്ഷണം നൽകാനും ഷെൽട്ടർ നൽകാനും വിസമ്മതിച്ചത് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപോർട്ട് ചെയ്തിരുന്നു.

ന്യൂനപക്ഷങ്ങൾ, സ്ത്രീകൾ, പത്രപ്രവർത്തകർ, ലിബറലുകൾ എന്നിവർ ഇസ്ലാമിക മതമൗലികവാദ തീവ്രവാദികളാൽ കൊല്ലപ്പെടുന്നത് പാകിസ്ഥാനിലെ സ്ഥിരം സംഭവമാണ്. എന്നാൽ ഇത്തരക്കാർക്കെതിരെ കൃത്യമായ നടപടി എടുക്കുവാനോ ഇത്തരം ദുർബല വിഭാഗങ്ങളെ സംരക്ഷിക്കുവാനും സർക്കാർ യാതൊരുവിധ നടപടികളും എടുക്കുന്നില്ല എന്ന് മാത്രമല്ല, ഇത്തരം ഭീകരാക്രമണങ്ങൾക്ക് മേൽ അതിഭീകരമായ മൗനം പാലിക്കുകയും ചെയ്യുന്നു.

ഇവിടെ ആരാണ് പ്രശ്നം പാകിസ്ഥാനോ പാകിസ്ഥാനിലെ മുസ്ലീങ്ങളോ അല്ല മതമാണ് പ്രശ്നം. അന്യ സ്നേഹിക്കരുത് എന്നും അന്യരെ വെറുക്കണം എന്നും തങ്ങളുടെ മതമാണ് ശ്രേഷ്ഠം എന്നും പഠിപ്പിക്കുകയും ചെയ്യുന്ന മതമാണ് പ്രശ്നം. ഇത്തരം പ്രശ്നങ്ങൾക്ക് പലവിധത്തിലുള്ള മരുന്നുകളുണ്ട്. ഒന്ന് മതനിരാസം ആണ്. മറ്റൊന്ന് മതേതരത്വവും. മതം വ്യക്തിയുടെ സ്വകാര്യ ആയി മാത്രം നിൽക്കുന്ന മതേതരത്വം. ആധുനിക ജനാധിപത്യ സമൂഹം മതത്തെ അഡ്രസ്സ് ചെയ്യേണ്ടത് ഈ രീതികളിലാണ്. മതം തലയ്ക്കു പിടിച്ച ഒരു ജനതയും ഇതുവരെ അതിജീവിച്ച ചരിത്രമില്ല.

യാസിർ അലി എന്ന, പാകിസ്താനി എക്സ് മുസ്ലിം കഴിഞ്ഞ ദിവസം ഫേസ്ബുക്കിൽ കുറിച്ചതുപോലെ pakistani minorities wont go to hell because it is impossible go their twice. അതായത് പാകിസ്ഥാനിലെ ന്യൂനപക്ഷങ്ങൾക്ക് രണ്ടു തവണ നരകത്തിൽ പോകാനാവില്ല. കാരണം, നരകത്തിലേക്ക് രണ്ടു തവണ പോകാനാവില്ലത്രേ. അത്രക്ക് യാതനയാണ് അവർ അനുഭവിക്കുന്നത്. തമ്മിൽ തല്ലിയും ഒന്നും അതിക്രമങ്ങൾ അഴിച്ചുവിട്ടും സമാധാനമില്ലാത്ത ജനത ആകുന്നു. മതഭൂരിപക്ഷ രാഷ്ട്രത്തിൽ ജനാധിപത്യവും ഭരണഘടനയും എത്രത്തോളം അപ്രസക്തമാണെന്നും ന്യൂനപക്ഷങ്ങൾ എത്രത്തോളം പീഡിതർ ആണെന്ന് മനസ്സിലാക്കാൻ നിങ്ങൾ ഇടയ്ക്കൊന്ന് പാകിസ്ഥാനിലേക്ക് നോക്കിയാൽ മതിയാകും.

LEAVE A REPLY

Please enter your comment!
Please enter your name here