ഗാർഹിക പീഡനം : യഥാർത്ഥ വില്ലൻ സ്ത്രീധനം മാത്രമാണോ ?

Manuja Mythri

പേടിപ്പിക്കുന്ന, ആഗ്രഹങ്ങൾക്ക് വിലകൽപ്പിക്കാത്ത, അടിച്ചമർത്തപ്പെടുന്ന വിധേയമാകേണ്ടി വരുന്ന അവകാശങ്ങൾ നിഷേധിക്കപ്പെടുന്ന ഒരു മനുഷ്യജീവി എന്ന പരിഗണനപോലും തരാത്ത ഇടങ്ങളിൽ നിന്നും പാട്രിയാർക്കിയുടെ ചട്ടക്കൂടിനെ പൊളിച്ചു ഇറങ്ങിപ്പോകുന്ന പെണ്ണുങ്ങളെക്കുറിച്ചായിരുന്നു ജിയോ ബേബി സംവിധാനം ചെയ്ത ‘ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ’ എന്ന സിനിമയിൽ പറഞ്ഞതത്രയും. അന്ന് ഭൂരിപക്ഷം വരുന്ന കേരളസമൂഹം ഈ സിനിമയോട് പ്രതികരിച്ചത് അങ്ങനെയൊക്കെ അങ്ങ് ഇറങ്ങി പോയാൽ മതിയോ, ഡൈവോഴ്സ് കൂടിയാൽ നമ്മുടെ സംസ്കാരം നശിച്ചു പോവില്ലേ, ഒന്ന് അഡ്ജസ്റ്റ് ചെയ്താൽ പോരെ അതിന് ഇത്ര എക്സ്ട്രീം ആയി കാര്യങ്ങളെ ചിത്രീകരിക്കേണ്ടതുണ്ടോ എന്നൊക്കെയായിരുന്നു. അന്നത്തെ ആ ഇറങ്ങിപോരലിനു ജീവന്റെ വിലയുണ്ടെന്നു മനസിലാക്കാൻ മലയാളിക്ക് കുറെ കാത്തിരിക്കേണ്ടി വന്നു. ഇഷ്ടമില്ലാത്ത,  വ്യക്തിയെന്ന നിലയിൽ തനിക്ക് വിലകൽപ്പിക്കാത്ത ഇടങ്ങളിൽ നിന്നും ഇറങ്ങി പോവുകതന്നെ വേണമെന്നും, കുടുംബമോ നാട്ടുകാരോ എതിർത്താലും ആത്മവിശ്വാസത്തോടെ മുന്നോട്ടു പോകാൻ പറ്റുന്ന ഒരു സാമൂഹിക അവസ്ഥ ഇവിടെയില്ലെങ്കിലും ഏറ്റവും കുറഞ്ഞ പക്ഷം സ്വന്തം ഇഷ്ടത്തിന് ജീവിച്ചു എന്ന് നിർവൃതിയെങ്കിലും ഉണ്ടാവും.

“ദേഷ്യം വന്നാൽ അയാൾ എന്നെ അടിക്കും. അയാൾക്കു കൊടുത്ത വണ്ടി കൊള്ളില്ലെന്നു പറഞ്ഞു കഴിഞ്ഞ ദിവസം തെറി വിളിച്ചു. അച്ഛനെയും കുറെ ചീത്ത വിളിച്ചു. കുറെ നേരം സഹിച്ചിരുന്നു. പക്ഷേ നിർത്തിയില്ല. സഹികെട്ട് മുറിയിൽനിന്ന് ഇറങ്ങിപ്പോകാൻ നോക്കിയപ്പോൾ മുടിയിൽ പിടിച്ചുവലിച്ച് പലതവണ അടിച്ചു. അടികൊണ്ടു വീണ എന്റെ മുഖത്തു ചവിട്ടി, കാലു കൊണ്ട് മുഖത്ത് അമർത്തി’
കൊല്ലം ശൂരനാട് സ്വദേശി വിസ്മയ ബന്ധുക്കളോടു നടത്തിയ ചാറ്റിംഗിൽ പുറത്തുവന്നത് അതിഭീകരമായ ഗാർഹിക പീഡനത്തിന്റെ കഥകളാണ്. മുഖത്തും കൈകളിലും മുറിവേറ്റതിന്റെ പാടുകളും അടികൊണ്ടു നീലിച്ചതിന്റെ പാടുകളടക്കമുള്ള ചിത്രങ്ങളും വിസ്മയ ബന്ധുക്കൾക്ക് അയച്ചിട്ടുണ്ട്. ഒടുക്കം എല്ലാം സഹിച്ചു വിസ്മയ ജീവനൊടുക്കി. വിസ്മയ ആദ്യത്തെ ആളാണോ.. അല്ല… വിസ്മയയുടെ മരണം റിപ്പോർട്ട്‌ ചെയ്തതിനു ശേഷം വീണ്ടും രണ്ടു പെൺകുട്ടികൾ കൂടി ഭർതൃഗൃഹത്തിൽ ആത്മഹത്യാ ചെയ്ത നിലയിൽ കണ്ടെത്തുകയുണ്ടായി. രാജൻ പി ദേവിന്റെ മരുമകൾ പ്രിയങ്ക, കൊല്ലം അഞ്‌ജലിൽ കൊല്ലപ്പെട്ട ഉത്രയുമൊക്കെ ഇതിനുമുൻപത്തെ മുഖ്യധാര മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്ത ഇരകൾ മാത്രം. സംസ്ഥാനതു കഴിഞ്ഞ 4 മാസത്തിനിടെ മാത്രം റിപ്പോർട്ട്‌ ചെയ്തത് 1080 ഗാർഹിക പീഡന കേസുകൾ. ഒക്കെ ഇവിടെയാണ്‌ ഈ സാക്ഷര കേരളത്തിൽ.

ഇവിടെ യഥാർത്ഥത്തിൽ എന്താണ് പ്രശ്നം. ഇത്ര ഭീകരമായ ടോക്സിക് ബന്ധമായിട്ട് പോലും വിസ്മയ എന്ന വിദ്യാസമ്പന്നയായ യുവതിക്ക് കൊടുക്കേണ്ടി വന്നത് സ്വന്തം ജീവനാണ്. അടിസ്ഥാനപരമായി ഇത്രയധികം പെൺകുട്ടികളുടെ ജീവനെടുത്തത്തിൽ ഉത്തരവാദി സ്ത്രീധനം മാത്രമാണോ. സ്ത്രീധനം തായ്  വേരുറപ്പിച്ചു നിൽക്കുന്നത് സമൂഹത്തിൽ യാതൊരു തരത്തിലും വെല്ലുവിളി നേരിടാത്ത patriarchyയുടെ പുറത്താണ്. എന്താണ് സ്ത്രീധനം എന്നും, എങ്ങനെയാണ് സ്ത്രീധനം നിലവിൽ വന്നതെന്നും പരിശോധിക്കേണ്ടതുണ്ട്. സ്ത്രീകളൊക്കെ ലൈംഗിക സുഖത്തിനും വീട്ടുപണിക്കും ആവശ്യമായുള്ള ഉപകരണം മാത്രമെന്നാണ മത- പൊതുബോധ നിർമിതിയാണ് സ്ത്രീയെ വില്പന ചരക്കായി നിർത്തുകയും, പൊന്നും പണവും വാങ്ങി മേടിക്കുന്ന സാധനമാണ് എന്ന കാഴ്ചപ്പാട് ഉണ്ടാക്കുകയും, തുടർന്ന് അവൾ സ്വന്തം ശരീരവും ജീവിതവും മറ്റുള്ളവർക്ക് വേണ്ടി ജീവിച്ചു തീർക്കേണ്ടവളാണ് എന്ന പൊതുബോധമാണ് വില്ലൻ.

ഈ പൊതുബോധത്തിൽ നിന്നാണ് സ്ത്രീധനവും കന്യകാത്വ സങ്കൽപ്പങ്ങളും, സ്ത്രീകൾക്ക് മാത്രമായുള്ള ലൈംഗിക അച്ചടക്കവും സാമൂഹിക നിയമങ്ങളും രൂപപ്പെടുന്നത്. സ്ത്രീക്ക് മാത്രം കാത്തുസൂക്ഷിക്കേണ്ടി വരുന്ന അടക്കവും ഒതുക്കവും ഫ്ളക്സ്ബിലിറ്റിയും വിധേയത്വവും അച്ചടക്കവുമൊക്കെ നിർണയിക്കുന്നത് ആരാണ് ഈ patriarchy ആണ്. അതിനെ സ്ഥായിയായി പൊതിഞ്ഞുകെട്ടി സംരക്ഷിച്ചു, കേടുപ്പാടുകൾ സംഭവിക്കാതെ തലമുറകളിലേക്ക് കൈമാറുന്നതോ മതങ്ങളും. ചുരുക്കത്തിൽ സ്ത്രീധനത്തെ നിലനിർത്തുന്ന patriarchal norms, മതം, മലയാളിയുടെ കപട സദാചാരം, സ്ത്രീവിരുദ്ധത ഇവയൊക്കെ അഡ്രസ് ചെയ്യാതെ സ്ത്രീധനത്തിനെതിരെ മാത്രം campaign നടത്തുന്നത് സമൂഹത്തിൽ ശാശ്വതമായ എന്തെങ്കിലും ഫലം ഉണ്ടാക്കില്ല. വിസ്മയുടെ ഭർത്താവ് അച്ഛൻ അമ്മ സഹോദരൻ ആരാണ് യഥാർത്ഥത്തിൽ കുറ്റവാളി. നടന്നതൊരു ക്രൈം ആണ്. ആ കുറ്റകൃത്യത്തിന് ഒരർത്ഥത്തിൽ ഈ സമൂഹം ഒന്നടങ്കം പ്രതിസ്ഥാനത്തുണ്ട്.നീണ്ടുകിടക്കുന്ന മരണപ്പെട്ട പെൺകുട്ടികളുടെ ലിസ്റ്റ് പരിഷ്കൃത സമൂഹത്തിലെ പരാജിത സംസ്ക്കാരത്തിന്റെ  സാമ്പിളുകൾ മാത്രമാണ്.
 പെൺകുട്ടികളെ രണ്ടാം തരമായി വളർത്തുന്ന മാതാപിതാക്കളിൽ തുടങ്ങുന്നു കുറ്റം. നീയൊരു പെണ്ണാണെന്നും ആണുങ്ങൾക്കു വേണ്ടി നിർമ്മിക്കപ്പെട്ട മാംസ പിണ്ഡമാണെന്നും, കെട്ടിക്കയറി ചെല്ലുന്ന വീട്ടിൽ എല്ലാം തികഞ്ഞവളാകാൻ വീട്ടിലെ സർവവിധ പണികളും പഠിക്കണമെന്ന് തുടങ്ങി പെൺകുട്ടിയെ ഒരു വ്യക്തിയായി പോലും അഡ്രസ്സ് ചെയ്യാൻ പാകപ്പെടാത്ത കുടുംബ വ്യവസ്ഥിതി ഉത്തമയായ പെണ്ണുങ്ങളെ ഉണ്ടാക്കുന്ന ഫാക്ടറികൾ മാത്രമാണ്. ചെറിയ പ്രായം മുതലേ തുടങ്ങുന്ന അടക്കി ഒതുക്കിയിരുതൽ സോഫ്റ്റ്‌വെയറിൽ കുത്തിവെച്ചു അവളുടെ അസ്തിത്വത്തെയും ആത്മാഭിമാനത്തെയും ഇല്ലാതെയാക്കി വ്യക്തിഹത്യ ചെയ്യുന്ന നടപ്പ് കുടുംബ വ്യവഹാരങ്ങളുടെ ഇര തന്നെയാണ് വിസ്മയ.

ശ്രീ രാജഗോപാൽ വാകത്താനം എഴുതിയതുപോലെ ഏറ്റവും വികൃതമായ വിവാഹ സങ്കല്പമാണ് മലയാളിയുടേത്. ഒരിക്കൽ മാത്രം കാണുന്ന ഒരു പെണ്ണിനെ/ആണിനെ ശിഷ്ടകാല ജീവിത പങ്കാളിയാക്കുന്ന പ്രാകൃത ബോധം. പങ്കാളിയുടെ വിദ്യാഭ്യാസം, ജോലി, സ്വാഭാവം,മാനസികാരോഗ്യം ഒന്നുമല്ല, ജാതി, ഉപജാതി,കുലമഹിമ, പാരമ്പര്യം, ആചാരം ഒക്കെയാണ് പരിഗണനാ വിഷയം. ഒപ്പം ജോത്സ്യനെന്ന സർവ്വജ്ഞന്റെ പൊരുത്തപ്പെടുത്തലും. കുലമഹിമ സൂക്ഷിക്കാൻ അവൾക്കു നൽകുന്ന പാരിതോഷികമാണ് പട്ടുസാരിയും സ്വർണ്ണക്കൂമ്പാരവും ഒക്കെ. അന്തസ്സോടെ ജാതി മതാതീതമായി ഒന്നിക്കുന്നവരെ ഒളിച്ചോട്ടക്കാരായും കുലദ്രോഹികളായും ചാപ്പകുത്തി ഒടുവിൽ ജാത്യാഭിമാന കൊലയിൽ വരെ കൊണ്ടെത്തിക്കും.
വ്യക്തിയുടെ അന്തസ്സിനെ അംഗീകരിക്കാത്ത ഒരു സമൂഹവും പരിഷ്കൃതമല്ല. അവരുടെ ഇഷ്ടാനിഷ്ടങ്ങൾക്ക് അനുസരിച്ച് തിരഞ്ഞെടുക്കാനും സ്വതന്ത്രമായി കഴിയാനും അനുവദിക്കപ്പെടാത്ത ഒരു വ്യവസ്ഥയേയും അംഗീകരിക്കാനാവില്ല. ആണിനും പെണ്ണിനും രണ്ടു മാനം നൽകുന്ന ഒരു ബോധവും ജനാധിപത്യപരമല്ല. എല്ലാത്തിനുമുപരിയായി ഇവയെയൊക്കെ സംരക്ഷിച്ചു നിർത്തുന്ന മതം. കെട്ടിച്ചു വിടുക എന്നാണ് പറയുക. കഴുത്തിൽ കയറിട്ടു കെട്ടി പശുവിനെയും ആടിനെയും വളർത്തുന്നപോലെ.. വരനും വധുവിന്റെ പിതാവും തമ്മിലുള്ള കരാർ മാത്രമാണ് മതങ്ങളിലെ വിവാഹങ്ങൾ. കുട്ടിക്കാലം മുതൽ മത വിഷം കുത്തിവെച്ച് പുരുഷന്റെ വിളയിടമാണ് പെണ്ണെന്നും അവൾ അവന്റെ വാരിയെല്ലാണെന്നുമുള്ള മഹത്വങ്ങൾ തീറ്റി വളർത്തുന്നു. പെൺകുട്ടികൾക്ക് വ്യക്തിത്വമില്ലാതെ ചെറുപ്പത്തിലേ മസ്തിഷ്ക മരണം സംഭവിക്കാൻ ഇതിനേക്കാൾ വലുത് എന്താണ് വേണ്ടത്.

കേരളമൊട്ടാകെ സ്ത്രീധനത്തിനെതിരെ വാചാലരാവുകയാണ്. ഇത്രയധികം സ്ത്രീധന വിരോധികൾ കേരളത്തിലുണ്ടായിരുന്നു എന്ന ഫേസ്ബുക്ക് നോക്കുമ്പോൾ നമുക്ക് അതിശയം തന്നെ തോന്നും.സ്ത്രീധനത്തിനെതിരെ വാചാലരാവുകയും സ്ത്രീധനമെന്ന സിസ്റ്റം ഇവിടെ നിലനിർത്തുന്ന മതവും അതിന്റെ ശക്തമായ പരിസരങ്ങളെ കുറിച്ചും സംസാരിക്കാതെ പോകുന്നത് മതങ്ങളെ രക്ഷിച്ചു കൊണ്ടുപോകണമെന്ന കൃത്യമായ സാമൂഹിക അജണ്ടയുടെ ഭാഗംതന്നെയാണ്.

 എന്താണ് ഈ അവസ്ഥയ്ക്ക് പരിഹാരം. മരണപ്പെട്ട പെൺകുട്ടികളിൽ ഒരുമാതിരിപ്പെട്ട എല്ലാവരും തന്നെ നല്ല വിദ്യാഭ്യാസം ഉള്ളവർ ആയിരുന്നു. സ്ത്രീകൾക്ക് വിദ്യാഭ്യാസം ഉണ്ടായാൽ പ്രശ്നങ്ങളും പരിഹരിക്കപ്പെടും എന്നത് ശരിയല്ല. ആനയ്ക്ക് ആനയുടെ വലിപ്പം അറിയില്ല എന്ന് പറയുന്നത് പോലെയാണ് അത്. ജീവിതത്തിലുടനീളം ശീലിച്ചത് അടിമത്തമാണ്, ഒരിക്കൽപോലും അഭിപ്രായങ്ങൾ പറയുവാനോ സ്വന്തം തീരുമാനങ്ങൾ എടുക്കുവാൻ അനുവാദം ലഭിക്കാത്ത ജീവിതമായിരിക്കും. അങ്ങനെ വാർത്തെടുക്കുന്ന പെണ്ണുങ്ങൾക്ക് എത്ര വിദ്യാഭ്യാസം ഉണ്ടായാലും ആ വിദ്യാഭ്യാസംകൊണ്ട് യാതൊരുവിധ ഗുണങ്ങളും ഉണ്ടാവില്ല. നൂറു പവനും ഒന്നര ഏക്കർ ഭൂമിയും സ്ത്രീധനമായി കൊടുത്ത വിസ്മയക്ക് പരീക്ഷാ ഫീസ് അടയ്ക്കാൻ 1000 രൂപയ്ക്ക് അവസാനം അമ്മയോട് ചോദിക്കേണ്ടി വന്നത് ഇതേ അടിമതത്തിന്റെ അനന്തരഫലമാണ്. സ്വന്തമായി ജോലിയും വരുമാനവും ഉണ്ടായാൽ മാത്രം പോരാ അത് സ്വന്തം ഇഷ്ടത്തിനും ആവശ്യങ്ങൾക്കും ചെലവാക്കാനുള്ള സ്വാതന്ത്ര്യവും തീരുമാനമെടുക്കാൻ തന്റേടവും സ്ത്രീകൾക്കുണ്ടാവണം.

 ആ നശിച്ച വീട്ടിൽനിന്നും വിസ്മയക്ക് ഇറങ്ങി പോയി കൂടായിരുന്നോ എന്ന് പലയിടങ്ങളിലും ചോദിച്ചു കേട്ടു. ഏതു പെണ്ണിനാണ് ഈ നാട്ടിൽ സ്വന്തമായി വീട് ഉള്ളത്. ജനിച്ചുവീഴുന്ന വീട്ടിൽ കുട്ടിക്കാലം മുതൽ കേട്ട് വളർന്നത് മറ്റൊരു വീട്ടിലേക്ക് പോകണ്ട പെണ്ണാണ് നീ എന്നാണ്, കെട്ടിച്ചു ചെന്നാലോ അത് ഭർത്താവിന്റെ വീടാണ്. ഇവിടെ ഒരു നാട്ടിലും പെണ്ണിനെ സ്വന്തമായി വീടില്ല. ഇനി ഭർതൃ വീട്ടിൽ നിന്നിറങ്ങി ജനിച്ച വീട്ടിൽ ചെന്നിരുന്നു എങ്കിലോ, ഏതെങ്കിലും ഒരു ഘട്ടത്തിൽ ജീവിതം മടുക്കുമ്പോൾ ഡിവോഴ്സ് വേണം എന്ന് എങ്ങാനും പറഞ്ഞ് പോയാൽ തറവാടിന്റെ മാനം, വല്യപ്പന്റെ തഴമ്പ്, നാട്ടുകാരുടെ ചോദ്യം, കുഞ്ഞിന്റെ ഭാവി, പിന്നീട് ആര് നോക്കും, ഒറ്റയ്ക്ക് താമസിച്ചാൽ പ്രശ്നം, ഞങ്ങൾ എന്ത് സമാധാനം പറയും, നീയൊന്ന് സഹിച്ചു നിൽക്ക്, അവൻ ഒരു എടുത്തുചാട്ടക്കാരനാ നമ്മൾ പെണ്ണുങ്ങൾ വേണ്ടേ ഒക്കെ മനസിലാക്കി നിൽക്കാൻ, ഒന്നുമില്ലേലും അവൻ വീടും കുടുംബവും നോക്കുന്നവനല്ലേ, ഒരു കൊച്ചൊക്കെ ആയാൽ എല്ലാം ശരിയാകും.  എന്നൊക്കെ പറഞ്ഞു വീടിനെയും വീട്ടുകാരുടെയും മാനം കാക്കാൻ പെണ്ണ് വിധിക്കപ്പെടുന്നു. നാട്ടുകാർ നടത്തുന്ന സദാചാര ഓഡിറ്റിങ്ങു വേറെയും സഹിക്കണം

 പ്രായം 18 കഴിഞ്ഞാൽ ഉടനെ വിവാഹ ആലോചനകൾ തുടങ്ങും. വിവാഹം കഴിക്കണോ വേണ്ടയോ എന്നത് വ്യക്തിയുടെ മാത്രം ചോയ്സ് ആണ് . ആവശ്യമെന്നു തോന്നിയാൽ മാത്രം വിവാഹം കഴിക്കുക.  ഇനി പ്രണയത്തിലൂടെ പെൺകുട്ടി സ്വന്തമായി തെരഞ്ഞെടുത്ത പങ്കാളിയാണ്, ആ വൈവാഹിക ബന്ധം തുടരാൻ സാധിച്ചില്ലെങ്കിൽ അത് തുറന്നു പറഞ്ഞു വിവാഹ ജീവിതത്തിൽ നിന്നും പുറത്തിറങ്ങുക. ഏറ്റവും അടിസ്ഥാനപരമായി വേണ്ടത് ഡിവോഴ്സ്കളെയും ബ്രേക്ക്അപ്പ്കളെയും നോർമലൈസ് ചെയ്യുന്ന ഒരു സമൂഹമാണ്. ഡിവോഴ്സ് ചെയ്യുക എന്നാൽ ജീവിതം അവസാനിച്ചു എന്നതാണ് പൊതുവിൽ നമ്മുടെ സമൂഹത്തിലുള്ള ഒരു സമവാക്യം. ഒരു വ്യക്തിയുടെ സർവ സ്വാതന്ത്ര്യങ്ങളും ഇഷ്ടങ്ങളും ഒക്കെ അനുവദിക്കുന്ന ഒരു സ്പേസ് ആയി കുടുംബം രൂപാന്തരപ്പെടുന്നു ഉണ്ടെങ്കിൽ അത് മികച്ച സ്ഥാപനമായിരിക്കും എന്നാൽ ഇഷ്ടമില്ലെങ്കിൽ ആയുഷ്കാലം വരെ ചുമന്നു കൊണ്ട് നടക്കാനുള്ള നുകമല്ല വിവാഹ ജീവിതം, comfortable അല്ലാത്ത ഒരാളുടെകൂടെ ഒരു യാത്ര ചെയ്യാൻ പോലും താല്പര്യമില്ലാത്ത നമ്മൾക്ക് എങ്ങനെയാണ് ഒട്ടും comfortable അല്ലാത്ത ഒരാൾക്കൊപ്പം ജീവിതകാലം മുഴുവൻ ജീവിക്കാൻ സാധിക്കുക. വിവാഹം ഒന്നിന്റെയും ലക്ഷ്യവും പൂർത്തീകരണവുമല്ല. തനിക്ക് ഇഷ്ടമില്ലാത്ത ചങ്ങലകളിൽ നിന്നും അടിമത്തത്തിൽനിന്നും മോചിതനാവാൻ ഉള്ള സ്വാതന്ത്ര്യ പ്രഖ്യാപനമാണ് ഓരോ വിവാഹമോചനങ്ങളും. കുടുംബത്തെ പോളിഷ് ചെയ്തു  Romanticize ചെയ്യുമ്പോൾ ബന്ധങ്ങൾ ആവശ്യമില്ലെങ്കിൽ അത്‌ പൊട്ടിച്ചെറിയാനും വ്യക്തികൾക്ക് അവകാശമുണ്ട്. സഹിച്ചും ക്ഷമിച്ചും കീഴ്പ്പെട്ടും ജീവിക്കുന്നതിലും ഭേദം സ്വാതന്ത്ര്യമാണെന്ന് തിരിച്ചറിയണം.

എല്ലാത്തിനുമുപരിയായി ഈ മനുഷ്യവിരുദ്ധതതയെ ഒക്കെ ഉറപ്പിച്ചു നിർത്തുന്ന മതങ്ങൾ തുറന്നുകാട്ടപ്പെടണം. വിവാഹത്തിന് നല്ല നാൾ നോക്കിയ ജ്യോത്സ്യനും, കർമിയും പുരോഹിതനുമൊക്കെ എന്ത് ഫലമാണ് മരിച്ച പെൺകുട്ടികളുടെ ജീവിതത്തിലുണ്ടാക്കിയത്. കേവലം സ്ത്രീധനമരണമാക്കി ഈ മരണങ്ങളെയൊന്നും ലഘൂകരിക്കരുത്. ഭർത്താവുദ്യോഗസ്ഥൻ ശിക്ഷിക്കപ്പെട്ടാൽ പരിഹരിക്കപ്പെടുന്ന പ്രശ്നവുമല്ല. ആണിനെപ്പോലെ പെണ്ണിനെയും കാണുന്ന സാമൂഹ്യബോധത്തിൽ, കുടുംബം ജനാധിപത്യവൽക്കരിക്കപ്പെടുന്ന ഒരവസ്ഥയിലേ ഇത്തരം പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാകു. മതകഥകളിൽ പുരുഷനാണ് കുടുംബനാഥൻ. ദൈവങ്ങൾ പോലും ആണുങ്ങളായ മതങ്ങളിൽ നിന്നും കൂടുതൽ ഇളവുകളൊന്നും നമ്മൾ പ്രതീക്ഷിക്കേണ്ടതില്ല. പെണ്ണിന്റെ കാലിനിടയിലാണ് കുടുംബത്തിന്റെ മാനമെന്നും, ആണിന്റെ കീഴിലാണ് പെണ്ണിന്റെ സ്ഥാനമെന്നും പഠിപ്പിച്ച മതങ്ങളെ എതിർത്തു തുടങ്ങണം. ഒരാണിന്റെയും  rehabilitation center അല്ല സ്ത്രീകൾ. കണ്ടോ നമ്മുടെ സമൂഹം അധഃപതിച്ചു, വിവാഹമോചനങ്ങൾ എത്രയോ നടക്കുന്നു എന്ന് നെടുവീർപ്പിടുന്ന all kerala സദാചാര ഓഡിറ്റിംഗ് ടീമുകളോട് പറയാനുള്ളത് വിവാഹമോചനം നടക്കട്ടെ, അത് ആധുനികമായ സമൂഹത്തിന്റെ ആരോഗ്യപരമായ ലക്ഷണമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here