ക്നായി തൊമ്മനെന്ന ഹാരിപോട്ടർ: വംശവിശുദ്ധിയുടെ ലോകതള്ളുകൾ !!

Manuja Mythri

Kolambi

ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ കേരളത്തിലിരുന്നു വംശവിശുദ്ധിയുടെ ലോക തള്ളുകൾ നടത്തുന്ന ഗോത്രവിഭാഗമാണ് ക്നാനായ മതവിശ്വാസികൾ. പലപ്പോഴും ചർച്ചയാവാറുള്ള ഇവരുടെ വിശുദ്ധി കഥകളും, സഭ മാറി വിവാഹം കഴിച്ചാൽ നടത്തുന്ന ഭ്രഷ്ട് കൽപ്പിക്കലിലൂടെ   ഇതുവരെ ഏകദേശം ഒരുലക്ഷം പേർ സഭയിൽനിന്നും പുറത്താക്കപ്പെട്ടെന്നാണ് കണക്കുകൾ. ഇത്തരത്തിൽ പുറത്താക്കപ്പെട്ടവർ ക്നാനായ കത്തോലിക്ക നവീകരണ സമിതി എന്ന സംഘടന രൂപീകരിക്കുകയും 2015ൽ സഭയുടെ ഭ്രഷ്ട് കൽപ്പിക്കൽ എന്ന ഗോത്രീയതക്കെതിരെ കോടതിയെ സമീപിക്കുകയും ചെയ്തു. 2021 ഏപ്രിൽ 30 ന് കോട്ടയം അഡീഷണൽ സബ്കോടതി ഏതെങ്കിലും കത്തോലിക്ക രൂപതയിൽപ്പെടുന്ന അംഗത്തെ വിവാഹം കഴിച്ചതിന്റെ പേരിൽ ക്നാനായ സഭാംഗത്തെ സഭയിൽ നിന്ന് പുറത്താക്കരുത് എന്നും അത്തരത്തിൽ പുറത്താക്കുന്നതിൽ നിന്ന് കോട്ടയം അതിരൂപത മെത്രപ്പോലീത്ത, സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് എന്നിവരെ വിലക്കണമെന്നു നിർദേശിച്ചതും വാർത്തയായിരുന്നു.  

എന്താണ് ക്നാനായ സഭയുടെ വംശവിശുദ്ധി?

കേരളത്തിന്റെ സാംസ്കാരിക രംഗത്ത് വഴിത്തിരിവുണ്ടാക്കി എ.ഡി 345-ൽ കേരളത്തിലേയ്ക്ക് കുടിയേറിപ്പാർത്ത യഹൂദപാരമ്പര്യത്തിലുള്ള ക്രൈസ്തവസംഘത്തിന്റെ മേധാവിയായ ബാബിലോണിയയിലെ ഒരു വ്യാപാരിയായിരുന്നു ക്നായി തോമാ അഥവാ ക്നായിതൊമ്മാ.  ഇദ്ദേഹത്തിന്റേയും ഇദ്ദേഹത്തിനൊപ്പം കേരളത്തിൽ കുടിയേറിയവരുടേയും പിന്മുറ അവകാശപ്പെടുന്നവരാണ് കേരളത്തിലെ  ക്നാനായ ക്രൈസ്തവർ എന്ന യഹൂദ രക്തം സിരകളിൽ ഓടുന്ന ക്രിസ്ത്യാനികൾ.  
ക്നായി തോമാ കേരളവുമായി ക്രിസ്തു വർഷം 345നു മുൻപേ തന്നെ വ്യാപാരത്തിലേർപ്പെട്ടിരുന്നുവെന്നു വിശ്വസിക്കപ്പെടുന്നു. പേർഷ്യയിലെ സാപ്പോർ ദ്വിതീയൻ രാജാവിന്റെ പീഡനങ്ങളിൽ നിന്ന് രക്ഷപ്പെടാനായി ക്നായിതോമ്മായുടെ നേതൃത്വത്തിൽ സിറിയയിലെ എഡേസ, കാന എന്നിവിടങ്ങളിൽ നിന്ന് 72 കുടുംബങ്ങളിലായി 400 പേർ കൊടുങ്ങല്ലൂർ വന്നിറങ്ങിയെന്നാണ് വിശ്വാസം. ഏഡേസ്സായിലെ ഒരു മെത്രാന്‌ കേരളത്തിലെ ക്രിസ്ത്യാനികളെക്കുറിച്ച്‌ ദർശനം ലഭിച്ചുവെന്നും അതനുസരിച്ച്‌ ക്നായി തോമായെ കേരളത്തിലേയ്ക്ക്‌ അയച്ചുവെന്നും ഒരു ഐതിഹ്യം നിലവിലുണ്ട്. എന്നാൽ മതപീഡനങ്ങൾ ഭയന്നാണ്‌ നിരവധി ക്രൈസ്തവകുടുംബങ്ങളോടൊപ്പം അദ്ദേഹം കേരളത്തിൽ എത്തിയെതന്നാണ് പൊതുവിലുള്ള പക്ഷം. ദക്ഷിണമെസ്സപ്പൊട്ടേമിയയിലെ കിനായി എന്ന പട്ടണത്തിൽ നിന്നാണ്‌ അദ്ദേഹം എത്തിയതെന്നും  അർമേനിയയിൽ നിന്നാണ്‌ അദ്ദേഹം എത്തിയതെന്നും അഭിപ്രായങ്ങളുണ്ട്. കേരളവുമായി നേരത്തേ തന്നെ വ്യാപാരബന്ധത്തിൽ ഏർപ്പെട്ടിരുന്ന വ്യാപാരിയും സഭാസ്നേഹിയും സ്വന്തമായി പായ്ക്കപ്പലുകളടക്കമുള്ള സന്നാഹങ്ങളുമുള്ള ക്നായിത്തോമ്മായെ യഹൂദ ക്രൈസ്തവരായ അഭയാർത്ഥികളുടെ സംഘത്തിന്റെ നായകനാക്കുകയായിരുന്നു.

മൂന്നു കപ്പലുകളിലായി ഒരു വൻ സംഘമായാണ്‌ അദ്ദേഹം കൊടുങ്ങല്ലൂർ എത്തിയതെന്നും അക്കൂട്ടത്തിൽ ഒരു മെത്രാനും 4 വൈദികരും ഏതാനും ശെമ്മാശ്ശന്മാരും ഉണ്ടായിരുന്നതായി വിശ്വസിക്കപ്പെടുന്നു. ക്നാനായ സമുദായക്കാരുടെ ഇടയിലുള്ള പരമ്പരാഗത ഗാനങ്ങളിലൊന്നായ ‘ഒത്തു തിരിച്ചവർ കപ്പൽ കേറി’ എന്നു തുടങ്ങുന്ന പാട്ടിൽ “കത്തങ്ങൾ നാലാളരികെയുണ്ട്, ഉറഹാ മാർ യൗസേപ്പും കൂടെയുണ്ട്, ശെമ്മാശ്ശന്മാരവർ പലരുമുണ്ട്” എന്നു പരാമർശിക്കപ്പെടുന്നു. കൊടുങ്ങല്ലൂരിൽ കപ്പലിറങ്ങിയ ക്നായി തോമായെ തദ്ദേശിയരായ മലങ്കര നസ്രാണികൾ ആവേശത്തോടെ വരവേറ്റു. രാജാവായിരുന്ന ചേരമാൻ പെരുമാളും ക്നായി തോമായുടെ സംഘത്തോട് സ്നേഹത്തോടെയാണ് പെരുമാറിയത്. വിദേശികൾ ഇവിടെ താമസമാക്കുക വഴി വാണിജ്യവും അതു വഴി രാജ്യത്തെ സമ്പത്തും വിപുലമാവുമെന്നുള്ള വിചാരം ഇതിന് ഒരു കാരണമായേക്കാം. ഇവർക്ക് താമസിക്കുവാൻ കൊടുങ്ങല്ലൂർ പട്ടണത്തിൽ രാജകൊട്ടാരത്തിന് തെക്കു ഭാഗത്ത് സൗജന്യമായി ഭൂമി നൽകുകയും അക്കാലത്ത് ഉന്നതജാതീയരായി ഗണിക്കപ്പെട്ടവർക്ക് മാത്രം നൽകി വന്ന 72 പദവികൾ ചെപ്പേടിൽ രേഖപ്പെടുത്തി നൽകുകയും ചെയ്തു.

ക്നായിതോമ്മായും സംഘവും കൊടുങ്ങല്ലൂരിൽ താമസമാക്കി, വ്യാപാരത്തിൽ ഏർപ്പെട്ടു. അവരുടേതായ യഹൂദപാരമ്പര്യത്തിലുള്ള ആചാരങ്ങൾ പുലർത്തിയിരുന്നെങ്കിലും കൊടുങ്ങല്ലൂരിൽ മുന്നേ ഉണ്ടായിരുന്ന യഹൂദന്മാരുമായി അവർക്ക് യാതൊരു ബന്ധവുമുണ്ടായിരുന്നില്ല. അതുപോലെ തന്നെ നാട്ടുകാരായ ക്രിസ്ത്യാനികളുമായി ആരാധനാ സംബന്ധമായ വിഷയങ്ങളിൽ സഹവർത്തിത്വം പുലർത്തിയിരുന്നെങ്കിലും അവരുമായി വൈവാഹിക ബന്ധങ്ങളിലിടപെടാതെ തങ്ങളുടെ വംശപാരമ്പര്യം നിലനിർത്തുന്നതിൽ പ്രത്യേക ശ്രദ്ധ കൊടുത്തിരുന്നു. ക്നായി തോമ വളരെപ്പെട്ടെന്ന് ചേരമാൻ പെരുമാളിന്റെ വിശ്വസ്തന്മാരിലൊരാളായി മാറി. ചേര രാജാവിന്റെ പ്രഭു എന്നർത്ഥമുള്ള കോചേരകോരൻ പദവിയും രാജകീയ ചിഹ്നമായ വേന്തൻ മുടിയും ക്നായി തോമയ്ക്ക് നൽകപ്പെട്ടതായി പറയപ്പെടുന്നു.

വംശവിശുദ്ധിയുടെ യാഥാർഥ്യമെന്താണ് ?

സുറിയാനി ആരാധനാഭാഷയായി ഉപയോഗിച്ചിരുന്ന ക്രൈസ്തവ വിഭാഗങ്ങളെയാണ് സുറിയാനി ക്രിസ്ത്യാനികൾ എന്ന് വിളിക്കുന്നത്. 16ആം നൂറ്റാണ്ടിൽ കേരളത്തിൽ എത്തിയ പോർച്ചുഗീസ് മിഷനറിമാരാണ് കേരളത്തിൽ അക്കാലത്ത് ഉണ്ടായിരുന്ന ക്രിസ്ത്യാനികളെ സുറിയാനി ക്രിസ്ത്യാനികൾ എന്ന് ആദ്യമായി വിളിച്ചത്. കേരളത്തിലെ സുറിയാനി ക്രിസ്ത്യാനികളിൽ പ്രധാനമായും രണ്ട് വിഭാഗങ്ങളാണ് ഉള്ളത്. മാർ തോമാ നസ്രാണികളും ക്നാനായ മതവിശ്വാസികളും.
മെസ്സപ്പോട്ടോമിയായിൽ നിന്ന് കാനായി തൊമ്മന്റെ നേതൃത്വത്തിൽ ഏഴു താവഴികളിൽപ്പെട്ട, 72 കുടുംബങ്ങളിലെ നാനൂറു ജൂത ക്രിസ്ത്യാനികൾ, ചില വൈദീകരും കൊടുങ്ങല്ലൂരിൽ നാലാം നൂറ്റാണ്ടിൽ പായ്കപ്പലിൽ വന്നിറങ്ങി .ബെല്ക്കൊത്ത് ,മജബോത്ത് ,കുജാലിക് ,തെജമത്ത് ,കൊജഹാജായ്, ബാജി എന്നിവ ആയിരുന്നു ആ താവഴികൾ എന്ന് ജൊസഫ് ചാഴിക്കാട് എഴുതുന്നു. കാവുകടവിന്റെ തെക്കുഭാഗത്ത്‌ പുല്ലൂറ്റിൽ തെക്കുംഭാഗത്ത് അവർ താമസമായി. വടക്കെ കരയിൽ നാടൻ ക്രിസ്ത്യാനികളും താമസ്സിച്ചിരുന്നു. കാനായി തോമായ്ക്കു ചേരമാൻ പെരുമാൾ തന്റെ പേരായ “കാക്കുരങ്കൻ” എന്ന സ്ഥാ”നപ്പേരും ലോകപെരും ചെട്ടി “ എന്ന ബിരുദവും നൽകി (ടി.ഓ.ഏലിയാസ് “സിറിയൻ മാന്വൽ സമഗ്ര കേരള ചരിത്രം” എസ് .പി.സി.എസ് 2015) ,ചേരമാൻ പെരുമാൾ ഒരു ചെപ്പേടു വഴി സിറിയൻ ക്രിസ്ത്യാനികൾക്ക് 72 പദവികളും (വിടുപേറുകൾ ) കരമൊഴിവായി 264 ആനക്കോൽ സമചതുര ഭൂമിയും ദാനമായി നൽകി. എന്നാൽ ഈ പട്ടയം കണ്ടവർ ആരുമില്ല. ഈ ചെപ്പേട് പോർച്ചുഗീസുകാർ കണ്ടെത്തിയെന്നും അവർ അത് ഇവിടെ നിന്ന് കൊണ്ടുപോയെന്നുമാണ് അവകാശവാദം. ചിലപ്പോൾ ചെപ്പേട് കേരളത്തിരുന്നാൽ പൂത്തു പോകുന്ന കൊണ്ടാകും.

പക്ഷെ ഈ കഥക്ക് ചരിത്ര വസ്തുതകളുമായി യാതൊരു ബന്ധവുമില്ല. മഹോദയപുരം (കൊടുങ്ങല്ലൂർ) ആസ്ഥാനമാക്കി കേരളം ഭരിച്ചിരുന്ന രാജശേഖര വർമ്മൻ എന്നറിയപ്പെടുന്ന ചേരവംശജനായ രാജാവാണ് ചേരമാൻ പെരുമാൾ. ക്രി. വ. 805-844 ആണ്  ഇദ്ദേഹത്തിന്റെ കാലമായി അറിയപ്പെടുന്നത്. ഇദ്ദേഹം രണ്ടാം ചേര സാമ്രാജ്യത്തിലെ രണ്ടാമത്തെ രാജാവായിരുന്നു. ചേരമാൻ പെരുമാൾ നായനാർ ദക്ഷിണേന്ത്യൻ മത ചരിത്രത്തിൽ ഉന്നതമായ സ്ഥാനം വഹിച്ചിരുന്നു. ചെക്കീഴാരുടെ പെരിയപുരാണം എന്ന പുസ്തകത്തിൽ നിന്നാണ് ഇദ്ദേഹത്തെ പറ്റിയുള്ള അറിവുകൾ പ്രധാനമായും ലഭിക്കുന്നത്. അപ്പോൾ പിന്നെ എ.ഡി 345-ൽ തൊമ്മക്ക് ചെപ്പേട് ഒക്കെ കിട്ടും.?  

അവിടം കൊണ്ടും പ്രശ്നം തീരുന്നില്ല. എങ്ങനെയാണ് ഇവർക്ക് ക്നായി തൊമ്മൻ  AD 345ൽ ഇവിടെയെത്തി എന്ന് കണ്ടെത്തുന്നത്??  
എ.ഡി/ബി.സി  (A.D / B.C )  കാലഗണനയുടെ അടിസ്ഥാനത്തിൽ തോമയുടെ വരവിനെ എങ്ങനെ കണക്കാക്കും?? റോമക്കാരനായ ഡയോണീഷ്യസ് ആണ് ക്രിസ്തുവർഷത്തിനു തുടക്കമിട്ടത്. അന്ന് നിലവിലുണ്ടായിരുന്ന റോമാബ്ദ കലണ്ടർ പ്രകാരം, റോമാബ്ദം 753 ലാണ് ക്രിസ്തു ജനിച്ചത് എന്നാണ് കണക്കാക്കിയിരുന്നത്. എന്നാൽ റോമാബ്ദം 754 നെ AD 1 ആയി പരിഗണിച്ചുകൊണ്ടാണ് ഡയോനീഷ്യസ് ക്രിസ്ത്വബ്ദം കണക്കു കൂട്ടിയത്. AD 525 ലാണ് ഡയോണീഷ്യസ് ഈ കാലഗണനരീതിക്ക് തുടക്കമിട്ടത്. കേരളത്തിലേക്ക് ഈ കാലഗണന എത്തുന്നത് പോർച്ചുഗീസുകാർ കേരളത്തിൽ എത്തിയതോടെയാണ്. കേരളത്തിൽ എത്തിയ ആദ്യത്തെ യൂറോപ്യന്മാർ പോർച്ചുഗീസുകാർ ആയിരുന്നു. ഇന്ത്യയിൽ എവിടെയും ആധിപത്യം പിടിച്ചെടുത്ത ആദ്യ വിദേശശക്തി കൂടിയായിരുന്നു അവർ. 14-ാം നൂറ്റാണ്ടിനുശേഷം യൂറോപ്യന്മാർ ഏറ്റെടുത്ത പല യാത്രകളുടെയും ഫലമായി പോർട്ടുഗീസുകാരുടെ വരവ്, തങ്ങളുടെ ഉൽപ്പന്നങ്ങൾക്ക് പുതിയ വിപണികൾ കണ്ടെത്തുന്നതിനും അവർക്ക് ഉപയോഗപ്രദമായ പുതിയ അസംസ്കൃത വസ്തുക്കൾ തേടിയുമാണവർ വന്നത്.

സെന്റ് തോമസല്ലേ ക്രിസ്തുമതം ഇന്ത്യയിലേക്ക് കൊണ്ടുവന്നത്?

സ്വാഭാവികമായും ഇങ്ങനെ ഒരു സംശയം തോന്നും. പക്ഷെ ബൈബിൾ ആണ് അടിസ്ഥാന പുസ്തകമെങ്കിലും ക്നായി തൊമ്മന്റെ പിൻഗാമികളും സെന്റ് തോമസ് മതം മാറ്റിയ ക്രിസ്ത്യാനികളും തമ്മിൽ അതിതീവ്രമായ ശത്രുക്കളാണ്‌. ഇന്ത്യയിലേക്ക് മതം മാറ്റാൻ ക്രിസ്തു നിയോഗിച്ച തോമാശ്ലീഹായുടെ കഥയൊന്നും ക്നാനായക്കാർ വിശ്വസിക്കുന്നില്ല. തോമയുടെ പിൻഗാമികൾ തെക്കും ഭാഗക്കാർ എന്നും സെന്റ് തോമസിന്റെ പിന്മുറക്കാർ വടക്കും ഭാഗക്കാർ എന്നുമാണ് അറിയപ്പെടുന്നത്. കൊടുങ്ങല്ലൂർ നഗരത്തിന്റെ തെക്കും ഭാഗത്തും വടക്കും ഭാഗത്തും താമസിച്ചവർ ആയതിനാൽ ഇവർ ഭൂമിശാസ്ത്രപരമായി തന്നെ വ്യത്യാസപ്പെട്ടിരിക്കുന്നു.
വേലിപ്പുറത്തെ വഴക്ക് പോലെ പുറത്ത് പറയാൻ കൊള്ളാത്ത ഒരു കഥയും ഇവരെ ചുറ്റിപ്പറ്റി നിൽപ്പുണ്ട്. തെക്കുംഭാഗക്കാരുടെയും  വടക്കുംഭാഗക്കാരുടെയും വഴക്ക് മൂക്കുമ്പോൾ പരസ്പരം ചെളിവാരി എറിയാൻ പറയുന്ന ഒരു കഥ. തോമയ്ക്ക് രണ്ട് ഭാര്യമാർ ഉണ്ടായിരുന്നുവത്രെ, ഒരാൾ തോമയുടെ മെസപ്പെട്ടോമിയൻ ഭാര്യയും, രണ്ടാമത്തെയാൾ കേരളത്തിൽ അദ്ദേഹത്തിന്റെ അവിഹിത ബന്ധത്തിലുണ്ടായ ഒരു ഭാര്യയാണെന്നും ഒരു കഥയുണ്ട്. കേരളത്തിലെ ഭാര്യയെ കേരളത്തിൽ എത്തിയ ശേഷം ക്നായി തോമ മതം മാറ്റിയതാണെന്നും,  ഒറിജിനൽ ഭാര്യയുമായി തോമക്ക് ഉണ്ടായ മക്കളാണ് ക്നാനായക്കാരെന്നും കേരളത്തിൽ നിന്ന് അവിഹിത ബന്ധത്തിൽ ഉണ്ടായ ഭാര്യയുടെ ജാരസന്തതികൾ ആണ്  സെന്റ് തോമസ് ക്രിസ്ത്യാനികളെന്നുമാണ് കഥ. ഈ കഥ പറഞ്ഞു വെക്കുന്നത് ക്നാനായ ക്രിസ്ത്യാനികളും സെന്റ് തോമസ് ക്രിസ്ത്യാനികളും പങ്കു വെക്കുന്നത് പൊതുചരിത്രമല്ല എന്നതാണ്

എന്തിനാണ് തോമ ആ കാലത്ത് അത്രയും കഷ്ടപ്പെട്ട് എത്തിയത്, തോമ ദൈവത്തിന്റെ ശിഷ്യനല്ല. പിന്നെ എന്തിന് യഹൂദ രക്തത്തിന്റെ  പാരമ്പര്യവും പറഞ്ഞു ഇവിടെ വന്നു വംശത്തെ നിലനിർത്തണം?? പ്രത്യേകിച്ച് ഉത്തരമൊന്നും ഇവർക്ക് കൊടുക്കാനില്ല എന്നതാണ് യാഥാർഥ്യം. ക്നായി തോമ ഒരു മിഷനറി പ്രവർത്തകൻ ആണെന്നും, ബിഷപ്പ് ആയിരുന്നു എന്നുമൊക്കെ പറയുമെങ്കിലും വ്യാപാരി ആയിരുന്നു എന്ന കഥക്കാണ് പ്രാധാന്യം കിട്ടിയത്. എന്തായാലും ക്നായി തോമക് കേരളത്തിൽ സെന്റ് തോമസ് കഥയുടെ അത്രപോലും ആഴവും പരപ്പുമില്ല.പറഞ്ഞു വരുമ്പോൾ കൊടുങ്ങല്ലൂരിലെ ക്നായി തോമ സ്മൃതി മണ്ഡപത്തെക്കാൾ ഒരു ശേഷിപ്പും ഈ ബാലരമ കഥക്കില്ല.

ചില ശാസ്ത്രീയ സത്യങ്ങൾ

പരിണാമപരമായി ഈ വിഷയത്തെ പരിശോധിക്കേണ്ടതുണ്ട്. പരിണാമ സിദ്ധാന്തം അംഗീകരിക്കാത്ത വിശ്വാസപക്ഷത്തോട് പരിണാമം പറഞ്ഞിട്ട് കാര്യമില്ല. പക്ഷെ നാഴികക്ക് നാല്പതു വട്ടവും യഹൂദരക്ത മഹത്വം കൊണ്ടുനടക്കുന്ന ഗോത്രീയ ജീവികൾ ഉള്ളകാലത്തോളം ശാസ്ത്രീയ തെളിവുകൾ പറഞ്ഞെ മതിയാകു. രണ്ടുകോടി മുതൽ 1.4 കോടി കൊല്ലം മുൻപ് വരെ ജീവിച്ചിരുന്ന ട്രയോപിതാക്കസ് എന്നൊരു വാനരനാണ് ആൾകുരങ്ങുകളുടെയും മനുഷ്യകുടുംബത്തിന്റെയും പൊതുപൂർവികനായി കരുതപ്പെടുന്നത്. സസ്തനികളിൽ പ്രൈമേറ്റ് വിഭാഗത്തിൽ ഉൾപ്പെടുന്ന മനുഷ്യൻ ഹോമിനിടെ എന്ന കുടുംബത്തിൽ ആണുൾപ്പെടുന്നത്. ഇതിൽ മനുഷ്യനെക്കൂടാതെ ആസ്ട്രലോപിത്തെക്കസ് ഹോമോ ഹബിലസ്‌ ഹോമോ ഇറക്റ്റസ് എന്നീ ജീവികളും ഉൾപ്പെടും. ഹോമോ സാപിയൻസ്  എന്ന ആധുനിക മനുഷ്യനൊഴികെ ബാക്കിയൊക്കെ നാമാവശേഷമായി. ഏറ്റവും പൂർവികനായ അസ്ത്രലോ പിത്തേക്കസുകൾ ആണ് അർദ്ധ മനുഷ്യനായി അറിയപ്പെടുന്നത്. ഇവ ജീവിച്ചിരുന്നത് പൂർവ ആഫ്രിക്കയിലാണ്. പരിണാമത്തിന്റെ ഘട്ടത്തിലെ ആധുനിക മനുഷ്യനായ ഹോമോസാപിയൻസ് ഏകദേശം  60000 വർഷം മുൻപ്  ആഫ്രിക്ക വിട്ട്  ഒരു വിഭാഗം യൂറോപ്പിലേക്കും മറ്റൊരു വിഭാഗം ഏഷ്യ, അലാസ്ക വഴി വടക്കേ അമേരിക്ക, തെക്കേ അമേരിക്ക എന്നീ സ്ഥലങ്ങളിലേക്കും കുടിയേറി. മൂന്നാമതൊരു വിഭാഗം ഇന്ത്യയുടെ തെക്കേ അറ്റം വഴി ആസ്‌ത്രേലിയയിലേക്കും കടന്നു. മൈറ്റോകോണ്ട്രിയൽ DNA പഠനത്തിൽ നിന്നും മനസിലാക്കിയാൽ നമ്മളൊക്കെ ആഫ്രിക്കയിൽ നിന്നും വന്നവരാണ് എന്നതാണ്.

ശാസ്ത്ര പ്രബന്ധ രചയിതാവായ എതിരവൻ കതിരവൻ എഴുതിയ ‘മലയാളിയുടെ ജനിതകം’ എന്ന ലേഖനത്തിൽ  മലയാളികൾ ജനിതകപരമായ എത്രയോ ഇഴചേർന്നും സങ്കരയിനമായി കൂടിചേർന്നുമാണ് ജീവിക്കുന്നതെന്ന് തെളിവുകളുടെ അടിസ്ഥാനത്തിൽ വിവരിക്കുന്നുണ്ട്.  “ഇഴപിരിഞ്ഞു കിടക്കുന്ന DNA  മാലകൾ പരീക്ഷണ ശാലകളിൽ നിരീക്ഷണം നടത്തുകയാണ്. മനുഷ്യരുടെ ജീനിനു പൊതുവെ ഒരു DNA Sequence ആയിരിക്കുമെങ്കിലും, ചില ജീനുകളിൽ കണ്ണികളുടെ വ്യത്യാസം നേരിയ തോതിൽ ഉണ്ടാകും, polymorphism എന്ന് വിളിക്കാവുന്ന ഈ അവസ്ഥയുള്ള അച്ഛനും അമ്മയ്ക്കും ഉണ്ടാകുന്ന കുട്ടികളിൽ ഇരട്ട വ്യത്യസ്തത കാണും. എല്ലാ ജീനുകളും രണ്ടെണ്ണം വീതമുണ്ട് ജീവികളിൽ. ഈ ഇണകളെ അല്ലീൽ എന്ന് വിളിക്കാം. ചില ജീനുകൾക്ക് പല അല്ലീൽ കാണപ്പെടാം. ജീനുകളുടെ നടുക്ക് വെറുതെ കിടക്കുന്ന ഈ DNA sequenceകളുടെ വ്യത്യാസം കാരണം നിരവധി അല്ലീലുകൾ പെറുക്കിയെടുക്കാം. ഈ അല്ലീൽ sequenceകൾ ഓരോ സമൂഹത്തിന്റെയും വ്യത്യസ്ത വ്യക്തിത്വം കാത്തുസൂക്ഷിക്കുന്ന രഹസ്യ അറകളാണ്. ഈ കോഡുകൾ താരതമ്യം ചെയ്താൽ സമൂഹങ്ങളോ ജാതികളോ മതങ്ങളോ ആയി വേർതിരിഞ്ഞവയുടെ രക്തബന്ധം കണ്ടെത്താം. അമ്മയിൽ നിന്നും കിട്ടുന്ന മൈറ്റോകോൺട്രിയം DNAയും അച്ഛനിൽ നിന്നു കിട്ടുന്ന Y ക്രോമസോമുകളിലും ഇത്തരം പൂർവിക ശേഷിപ്പുകൾ ഉണ്ട്. സാമൂഹിക സാംസ്‌കാരിക ചരിത്രത്തിൻറെ ബലം പുനഃനിർണയിക്കപ്പെടുകയും വിശ്വാസങ്ങൾക്ക് ആഘാതമേല്പിക്കാനും ഇത് ധാരാളം മതിയാകും.

പറയി പെറ്റ പന്തിരുകുലം എന്ന കഥ പോലെയാണിത്. ഐതിഹ്യപ്രകാരം വിക്രമാദിത്യന്റെ സദസ്സിലെ മുഖ്യപണ്ഡിതനായിരുന്ന വരരുചിക്ക് ഭാര്യ പഞ്ചമിയിലുണ്ടായ പന്ത്രണ്ട് മക്കളാണ് പറയിപെറ്റ പന്തിരുകുലം എന്നറിയപ്പെടുന്നത്. സമൂഹത്തിലെ വിവിധ ജാതിമതസ്ഥർ എടുത്തുവളർത്തിയ പന്ത്രണ്ടുകുട്ടികളും അവരവരുടെ കർമ്മമണ്ഡലങ്ങളിൽ അതിവിദഗ്ദ്ധരും ദൈവജ്ഞരുമായിരുന്നുവെന്നും ഐതിഹ്യകഥകൾ പറയുന്നു. ഏറെക്കുറെ ഈ മുത്തശ്ശി കഥയോട് സമാനമാണ് കേരളത്തിലെ ജനതയുടെ ജീനിന്റെ കഥ. ആദിദ്രാവിഡർ എന്ന് വിശേഷിപ്പിക്കാമെന്ന മുപ്പതിനാലോളം ഗോത്രങ്ങളുടെ പാരമ്പര്യമാണ് കേരളത്തിനുള്ളത്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളെപ്പോലെയല്ല ഏറെ പ്രാചീനവും പരിണാമപരമായി സംരക്ഷിക്കപ്പെടുകയും ചെയ്യുന്ന ദ്രാവിഡ ജനതയാണ് കേരളീയർ.

 മലയാളിയുടെ ജനിതകം എന്ന പുസ്തകത്തിലൂടെ മലയാളികളുടെ എല്ലാ ജാതികളും കലർപ്പാണെന്ന് എതിരവൻ കതിരവൻ കണ്ടെത്തുന്നു.
രാജീവ് ഗാന്ധി സെന്ററിലെ ഡോ. മൊയ്ന ബാനർജിയുടേയും സംഘത്തിന്റേയും ശാസ്ത്രീയ നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തിൽ രൂപപ്പെട്ട ഈ കണ്ടുപിടുത്തം മലയാളിയുടെ മത ജാതി പൊങ്ങച്ചങ്ങളെ കാറ്റിൽ പാറി പറക്കുന്ന സോപ്പ് കുമിളകൾ പോലെ പൊട്ടിച്ചു കളഞ്ഞു.
 ഡി.എൻ.എ ടെസ്റ്റുകൾ പരക്കെ സ്വീകരിക്കപ്പെടുന്ന ഇക്കാലത്ത് ഇതിലെ സത്യങ്ങൾ അറിഞ്ഞിട്ടും അറിഞ്ഞില്ലെന്നു നടിക്കുകയാണ് നമ്മൾ. ജാതിയും മതവുമൊക്കെ സോഷ്യൽ കോൺട്രാക്ടാണ്, ഇതിനു ശാസ്ത്രീയമായ അടിത്തറയില്ല. മൊയ്നാ ബാനർജിയും സംഘവും കേരളത്തിലെ പല ജാതിയിലും മതത്തിലുമുള്ള ആളുകളുടെ ഡി.എൻ.എ വിശദമായി പരിശോധിച്ച് ഒരുപാട് കലർപ്പുകൾ ഉള്ളതാണ് നമ്മുടെ സമൂഹമെന്നു കണ്ടെത്തി. ശുദ്ധമായ നായർ, മുസ്ലിം, നമ്പൂതിരി, ക്രിസ്ത്യാനി, ഈഴവർ എന്നൊന്നില്ല. ഒരുപാട് കൊടുക്കൽ വാങ്ങൽ നടന്ന പ്രദേശമാണിവിടം. അതിനെ ഏത് മെസപ്പൊട്ടോമിയൻ അപ്പാപ്പന്റെ കഥ കൊണ്ട് ഓട്ട അടക്കാൻ നോക്കിയിട്ടും കാര്യമില്ല. ശാസ്ത്ര തെളിവുകൾ അപ്പാപ്പൻ കഥകളെ കുപ്പത്തൊട്ടിയിലെറിയും.

DNA സീക്വൻസ് പഠനങ്ങളാണ് പ്രധാനമായും നമ്മുടെ പൂർവികരുടെ ഉറവിടം എവിടെ നിന്നാണ് എന്ന് നമ്മളെ കാണിച്ചു തരുന്നത്. ജീവികളിലെ വംശപാരമ്പര്യത്തെയും വ്യതിയാനത്തെയും കുറിച്ചുള്ള ഈ പഠനത്തിൽ, ഓരോ മനുഷ്യന്റെയും ഡി എൻ എയിൽ അവന്റെ പിതാമഹന്മാരുടെ ചരിത്ര ശേഷിപ്പുകൾ ക്രോമസോമുകളിൽ ആയി സൂക്ഷിച്ചു വെയ്ക്കും. ഒരു ഗോത്രം മറ്റൊരു ഗോത്രവുമായി സങ്കലിച്ചാൽ അവയുടെ ശേഷിപ്പുകളും dna യിൽ കാണാൻ സാധിക്കും.  വിഹിതമോ അവിഹിതമോ ആയ ആ ഗോത്രാന്തര ബന്ധങ്ങളുടെ രഹസ്യ സൂക്ഷിപ്പുകാരനാണ് നമ്മുടെ ഈ നേരിയ ന്യൂക്ലിയോടൈഡ് ശൃംഖല. ഒരു സെറ്റ് ക്രോമോസോം അമ്മയിൽ നിന്നും മറ്റൊന്നു അച്ഛനിൽ നിന്നുമാണ്. കേരളത്തിലെ ജീനുകളിൽ നിന്നും നടത്തിയ DNA sequence പരീക്ഷണങ്ങളിൽ നമ്മളുടെയൊക്കെ ചോരകളിൽ കലർപ്പിന്റെ അയ്യരുകളി ആണെന്ന് കണ്ടെത്തി. സവർണ അവർണ ജാതി മത വ്യത്യാസമില്ലാതെ കേരളത്തിലെ ജനതയുടെ ജീനുകൾ പരസ്പര പൂരകമായി നിലകൊള്ളുന്നു എന്ന് കണ്ടെത്തി. അതായത് എല്ലാ ജാതികളും പരസ്പരം ഇടകലർന്നവരാണ്. ഉന്നത കുല ജാതർ എന്നോ താഴ്ന്നവർ എന്നോയുള്ള വിലപേശലുകൾ വിലപ്പോവില്ല എന്ന് ചുരുക്കം.

ഇനി രക്തവിശുദ്ധി, പരിണാമപരമ്പരയിൽ ഉന്നതങ്ങളായ ജീവികളിൽ മാത്രം കാണുന്നതും പ്രത്യേക രീതിയിൽ സം‌വിധാനം ചെയ്തിട്ടുള്ളതുമായ ഒരു ദ്രാവകമാണ്‌ രക്തം. പ്രാണവായു, വെള്ളം, ഭക്ഷണം എന്നിവയെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ എത്തിക്കുകയും, അവിടെ നിന്നും വിസർജ്ജന വസ്തുക്കളെ നീക്കുന്നതും  രക്തത്തിന്റെ പ്രധാന അംശം പ്ലാസ്‌മയാണ്. വെള്ളത്തിൽ ഏതാണ്ട് ഏഴ്‌ ശതമാനം പ്രോട്ടീനുകൾ അലിഞ്ഞു ചേർന്നതാണ് പ്ലാസ്‌മ. ആൽബുമിൻ, ഗ്ലോബുലിൻ, ഫൈബ്രിനോജൻ എന്നീ പ്രോട്ടീനുകൾ പ്ലാസ്‌മയിൽ അടങ്ങിയിട്ടുണ്ട്‌. കൂടാതെ രക്തത്തിലുള്ള പ്രധാന കണങ്ങളാണ്‌ അരുണ രക്താണുക്കളും ശ്വേത രക്താണുക്കളും. ഇനി ഇതൊന്നുമല്ലാതെ ഈ ക്നാനായക്കാർക്ക് മാത്രമായി അഡീഷണൽ എന്തേലും ഘടകം ഈ രക്തത്തിൽ ഉണ്ടോ?

മതത്തേയും ജാതിയേയും മുൻനിർത്തി രാഷ്ട്രീയം പറയുന്ന കേരളത്തിൽ ജാതിയുടെ ജനിതകത്തെക്കുറിച്ചുള്ള സയൻസിലെ പുതിയ കണ്ടെത്തലുകൾ അത്ര വേഗത്തിൽ ഒന്നും മലയാളി പൊതുബോധം ഉൾക്കൊള്ളില്ല.
മതവും ജാതിയും അതിൽ നിന്നും ഉണ്ടാക്കിയെടുക്കുന്ന സാമൂഹ്യ പ്രിവിലേജുകളും സമ്പത്തായി കൊണ്ടു നടക്കുമ്പോൾ ഇതൊന്നും അത്ര പെട്ടന്ന് ദഹിക്കില്ല. വംശീയതക്കെതിരെ ലോകവ്യാപകമായി വലിയ പ്രതിഷേധങ്ങൾ ഉയർന്നുവന്നുക്കൊണ്ടിരിക്കുന്ന സമയത്ത് തന്നെയാണ് എന്തു വില കൊടുത്തും വംശശുദ്ധി കാത്തുസൂക്ഷിക്കണമെന്ന ആഭാസങ്ങൾ കേരളത്തിൽ നിന്നും ഉയർന്നുവരുന്നത്.

നാസയും കേശവൻ മാമനും വരെ വെരിഫിക്കേഷൻ നടത്തി വിട്ട ക്നാനായ ക്രിസ്ത്യാനികളുടെ വംശ പെരുമ ഏറ്റു പിടിക്കാൻ പുതിയ തലമുറയിലും നിരവധിയാളുകളുണ്ട്.  ക്നാനായ ക്രിസ്ത്യാനികൾ മുറുക്കെ പിടിക്കുന്ന മെസപ്പെട്ടോമിയൻ അമ്മാവൻ ക്നാ തൊമ്മനു ഒരു നാടോടികഥ എന്നതിനപ്പുറം ആധികാരികമായ യാതൊരു ചരിത്ര പിൻബലവുമില്ല. കേരളത്തിലെ എല്ലാ മനുഷ്യരും സങ്കര ഇനങ്ങളുമാണ്. മനുഷ്യനിങ്ങനെ ജാതിക്കും മതത്തിനും അപ്പുറമായി പ്രണയിച്ചും ജീവിച്ചും പോകുമ്പോൾ, വെളിച്ചം കടക്കാതെ വംശീയ അറയിൽ കിടക്കുന്ന നിങ്ങൾ ഒരു തരത്തിലും അന്യമതസ്ഥനെയോ നിങ്ങളിൽ അല്ലാത്ത  ഒരുവനെയോ ആശ്രയിക്കരുത്, അന്യമായി നിൽക്കുന്ന ഒരുവന്റെയും അധ്വാനത്തിന്റെയും ഫലം വീതം എടുക്കരുത്, തിന്നരുത് കുടിക്കരുത് നാട് മുന്നോട്ട് പോകുമ്പോൾ കാലിൽ ക്നാനായ ചങ്ങല ഇട്ടവരൊക്കെ    ദിനോസറുകളെപോലെ വംശനാശം സംഭവിച്ചുപൊക്കോളും. എന്തായാലും ഞാനും നീയും ഒന്നാണെന്നുള്ള തിരിച്ചറിവില്ലാത്ത കൊറേയെണ്ണം  ഭൂമിക്ക് ഭാരം തന്നെയാണ്. ആയിരക്കണക്കിന് വർഷം പഴക്കമുള്ള സ്ഥാപനവത്കരിക്കപ്പെട്ട പക്ഷപാതത്തിന്റെ ഉപ്പിലിട്ട് വെച്ചവരോടാണ് നാല് പേര് കേട്ടാൽ അറക്കുന്ന തെറിയേക്കാൾ വലുതാണ് ഈ വംശവെറിയെന്നു തിരിച്ചറിയണമെങ്കിൽ ആദ്യം മനുഷ്യനെ സ്നേഹിക്കാൻ പഠിക്കണം. ഒന്ന് മറ്റൊന്നിനോട് ബന്ധപ്പെട്ട് നിലനിൽക്കുന്ന ലോകത്തിൽ, സ്വന്തം സ്വത്വം നിർവ്വചിക്കുന്നതിന് എത്ര തന്നെ ശ്രമിച്ചാലും അപൂർണമായിരിക്കും. മനുഷ്യനായി ജീവിക്കുക എന്നതാണ് ശ്രമകരം.

LEAVE A REPLY

Please enter your comment!
Please enter your name here