ഹിറ്റ്ലറോ സ്റ്റാലിനോ ആരാണ് കൊടുംഭീകരൻ ?

Sajeev Ala

ഹിറ്റ്ലർ ജൂതരേയും ജിപ്സികളേയും കമ്മ്യൂണിസ്റ്റുകളേയും സോഷ്യൽ ഡമോക്രാറ്റുകളേയും കൊന്നൊടുക്കി.
പക്ഷേ സ്വന്തം നാസി പാർട്ടിക്കാരെ സഹപ്രവർത്തകരെ അയാൾ ഒന്നും ചെയ്തില്ല. എന്നാൽ സ്റ്റാലിന്റെ നരനായാട്ടിൻറെ ഇരകൾ സ്വന്തം സഖാക്കൾ തന്നെയായിരുന്നു. സമാനമായൊരു ഭീകരത ചരിത്രത്തിലൊരിടത്തും ചൂണ്ടിക്കാട്ടാനാവില്ല.

പ്ളേഗോ വസൂരിയോ കൂടുതൽ മാരകമെന്ന പോലെയാണ് ഹിറ്റ്ലറോ സ്റ്റാലിനോ ആരാണ് കൊടുംഭീകരൻ എന്ന ചോദ്യമെങ്കിലും ഒരു സംശയമില്ലാതെ വിരൽ ക്രംലിനിലെ കൊലയാളിക്ക് നേരെ ചൂണ്ടും.

റഷ്യൻ വിപ്ളവത്തിന്റെ നൂറാംവാർഷികകാലത്ത്
ഫാസിസമെന്ന വാക്ക് നാഴികയ്ക്ക് നാല്പതുവട്ടം പ്രയോഗിക്കപ്പെടുന്ന നേരത്ത് ഹിറ്റ്ലർ – സ്റ്റാലിൻ താരതമ്യത്തിന് പ്രസക്തിയേറുന്നു.
ഹിറ്റ്ലറുടെ പ്രത്യയശാസ്ത്രം ആര്യമേധാവിത്വ സിദ്ധാന്തമായിരുന്നു. ജൂതരോടുള്ള വെറുപ്പായിരുന്നു അയാളുടെ രാഷ്ട്രീയം.

ഓരോ അക്ഷരത്തിലും രക്തദാഹം നിറയുന്ന മെയിൻകാഫ് ആയിരുന്നു ഹിറ്റ്ലറുടെ മാനിഫെസ്റ്റോ. അയാൾ മനുഷ്യരെ കൊന്നൊടുക്കിയില്ലെങ്കിലാണ് അദ്ഭുതപ്പെടേണ്ടത്.

ഒരു രാഷ്ട്രീയ പ്രത്യയശാസ്ത്രമെന്ന നിലയിൽ മാർക്സിസത്തെ നമുക്ക് വിമർശിക്കാം
അതിനോട് വിയോജിക്കാം .
പക്ഷേ നിസ്വവർഗ്ഗത്തോടുള്ള അഗാധമായ കൂറും സ്നേഹവുമാണ് മാർക്സിസത്തിൻറെ അന്തർധാര എന്ന വസ്തുത നിഷേധിക്കാനാവില്ല.
അങ്ങനെയൊരു പൊളിറ്റിക്കൽ തിയറിയുടെ പേരിൽ അധികാരത്തിലിരുന്ന് മഹാപാതകങ്ങൾ ചെയ്തുകൂട്ടിയ മനുഷ്യഭോജിയായിരുന്നു സ്റ്റാലിൻ.

ട്രോട്സ്ക്കി സിനനോവ് കമനോവ്

1917ലെ വിപ്ളവത്തെ തുടർന്ന് ബോൾഷെവിക്ക് പാർട്ടി രൂപീകരിച്ച ആദ്യ ഏഴംഗ പോളിറ്റ്ബ്യൂറോവിലെ മെമ്പർമാരായിരുന്നു ഈ മൂന്ന് നേതാക്കളേയും സ്റ്റാലിൻ കൊലപ്പെടുത്തി.

ലെനിൻഗ്രാഡിലെ ഏറ്റവും ജനപ്രിയനായ സെർജി കീറോവ് എന്ന കമ്മ്യൂണിസ്റ്റ് നേതാവ് തനിക്ക് പ്രതിയോഗിയാകുമെന്ന് ഭയപ്പെട്ട സ്റ്റാലിൻ അദ്ദേഹത്തെ ശിങ്കിടികളെ ഉപയോഗിച്ച് കൊല ചെയ്ത് കുറ്റം സിനനോവിൻറേയും കമനോവിൻറേയും തലയിൽ കെട്ടിവച്ചു.
തുടര്‍ന്ന് കുപ്രസിദ്ധമായ മോസ്ക്കോ വിചാരണ പ്രഹസനം വഴി രണ്ടുപേരേയും വെടിവെച്ചുകൊന്നു.

പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ട് മെക്സിക്കോയിൽ അഭയം തേടിയ ട്രോട്സ്ക്കിയെ സ്റ്റാലിനയച്ച സ്പാനിഷ് ഏജന്റ് 1940ൽ ഐസ് പിക്കാസുകൊണ്ട് വെട്ടിക്കൊന്നു.
Revolution Betrayed എന്ന മഹത്തായ കൃതിയുടെ കർത്താവിനെ നട്ടുനനച്ച് വളർത്തിയ പ്രസ്ഥാനം തന്നെ മരണത്തിന് ഒറ്റിക്കൊടുത്തു.

റഷ്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ താത്വിക ഭീമന്മാരായിരുന്ന ട്രോസ്ക്കി സിനനോവ് കമനോവ് ത്രയങ്ങൾക്കൊപ്പം തലയുയർത്തി നിന്ന ആശയഗംഭീരനായിരുന്നു ബുഖാറിൻ. അദ്ദേഹത്തിൻറെ സൈദ്ധാന്തിക വിശകനങ്ങളുടെ ഗരിമയെ ലെനിൻ പോലും പ്രശംസിച്ചിരുന്നു. സ്റ്റാലിനെ എതിർത്ത് തുടങ്ങിയപ്പോൾ കൃത്രിമക്കുറ്റം ചുമത്തി ബുഖാറിനേയും വെടിവെച്ചുകൊന്നു.

സ്വന്തം പാർട്ടിയുടെ കേന്ദ്രക്കമ്മറ്റിയിലെ സ്വാഭാവിക മരണത്തിന് വിധേയരാകാതിരുന്ന ഏതാണ്ട് മുഴുവൻ പേരേയും സ്റ്റാലിൻ ഭൂമിയിൽ നിന്ന് യാത്രയാക്കി.

1936ൽ ആരംഭിച്ച Great Purge ശുദ്ധീകരണപ്രക്രിയ വഴി ചിന്താശേഷിയുള്ള മനുഷ്യരെയെല്ലാം ദേശദ്രോഹികളും വിപ്ളവത്തിൻറെ ശത്രുക്കളുമായി മുദ്രകുത്തി കാലപുരിക്കയച്ചു.

ലക്ഷക്കണക്കിന് പേരെ വിവിധ പീഡനമുറകളുടെ പരീക്ഷണകേന്ദ്രമായ ഗുലാഗ് എന്ന പേരിൽ അറിയപ്പെട്ടിരുന്ന കോൺസൻട്രേഷൻ ക്യാമ്പുകളിലേക്കയച്ച് നരകയാതനകൾക്ക് വിധേയരാക്കി. മഹാഭൂരിപക്ഷവും പീഡനങ്ങളെ അതിജീവിക്കാനാവാതെ ഈ ക്യാമ്പുകളിൽ ഇഞ്ചിഞ്ചായി ഇല്ലാതായി. കഥയും കവിതയും നാടകവും നോവലും എല്ലാം സ്റ്റാലിനെ വാഴ്ത്തിപ്പാടാനുള്ള ഉപകരണങ്ങൾ മാത്രമായിരുന്നു.

ജീവനിലുള്ള കൊതികൊണ്ട് കലാകാരന്മാർ സ്റ്റാലിൻ ചിത്രങ്ങളും ശില്പങ്ങളും സൃഷ്ടിച്ചുകൊണ്ടേയിരുന്നു. വിസ്സമതിച്ചവർ ഫയറിംഗ് സ്ക്വാഡിൻറെ മുന്നിലേക്ക് വലിച്ചിഴയ്ക്കപ്പെട്ടു.
ഗുലാഗുകളിൽ പട്ടിണിയും താഡനുമേറ്റ് പുഴുക്കളെ പോലെ ജീനിയസുകൾ മരിച്ചുവീണു.

അമ്പത് ലക്ഷത്തോളം സ്വന്തം ജനതയെ കൊന്നൊടുക്കുന്നതിന് സ്ററാലിന് കൂട്ടാളിയായത് രഹസ്യപോലീസ് മേധാവിയായിരുന്ന ബേരിയ എന്ന നരാധമനായിരുന്നു.

ഹിറ്റ്ലർ ജൂതരേയും ജിപ്സികളേയും കമ്മ്യൂണിസ്റ്റുകളേയും സോഷ്യൽ ഡമോക്രാറ്റുകളേയും കൊന്നൊടുക്കി.
പക്ഷേ സ്വന്തം നാസി പാർട്ടിക്കാരെ സഹപ്രവർത്തകരെ അയാൾ ഒന്നും ചെയ്തില്ല.

എന്നാൽ സ്റ്റാലിൻറെ നരനായാട്ടിൻറെ ഇരകൾ സ്വന്തം സഖാക്കൾ തന്നെയായിരുന്നു. സമാനമായൊരു ഭീകരത ചരിത്രത്തിലൊരിടത്തും ചൂണ്ടിക്കാട്ടാനാവില്ല.

കാലവും ലോകവും കരിമ്പട്ടികയിൽപ്പെടുത്തിയ സ്റ്റാലിനെന്ന രക്തദാഹി മീശയും പിരിച്ച് മിലിട്ടറി യൂണിഫോമിൽ കേരളത്തിലെ കവലകളിലും ജംഗ്ഷനുകളിലും തലയുയർത്തി നില്ക്കുന്നു. ക്രംലിനിലെ പിശാചിന്റെ പടം വച്ചലങ്കരിച്ച പാര്‍ട്ടി സമ്മേളന വേദികളിൽ ഫാസിസത്തിനെതിരെയുള്ള പടഹധ്വനികൾ മുഴങ്ങുന്നു.

സ്റ്റാലിൻ പൂജ നിലനില്ക്കുന്ന ലോകത്തിലെ അപൂർവം തുരുത്തുകളിലൊന്നാണ് നമ്മുടെ നാടെന്നോർത്ത് നമുക്ക് സ്വയം ലജ്ജിച്ച് തലതാഴ്ത്താം…!!

LEAVE A REPLY

Please enter your comment!
Please enter your name here