അബോർഷന്റെ ധാർമ്മികതയും ഗർഭസ്ഥ ശിശുവിന്റെ അവകാശങ്ങളും

kolambichannel.com

Dr.Chinchu Elias

ഗർഭധാരണത്തിന്റെയും പ്രസവത്തിന്റെയും കാര്യത്തിൽ കൂടുതൽ ഊർജ്ജം (Energy) ചിലവാക്കേണ്ടതും, കൂടുതൽ ഉത്തരവാദിത്തങ്ങളും സ്ത്രീയുടെ തലയിലാണ് സ്വാഭാവികമായും വരിക. അതുകൊണ്ട് തന്നെ ആ ഉത്തരവാദിത്തം ഏറ്റെടുക്കണമോ വേണ്ടയോ എന്നത് സ്ത്രീ മാത്രം തീരുമാനിക്കേണ്ട കാര്യമാണ്. അത് അനുവദിക്കുക എന്നത് ആരുടേയും മഹാമനസ്കത ഒന്നുമല്ല. നിങ്ങൾക്ക് ധാർമികത കവിഞ്ഞൊഴുകുന്നുണ്ടെങ്കിൽ അത് ആദ്യം കാണിക്കേണ്ടത് ജീവനുള്ള സ്ത്രീകളോടാണ്.

അബോർഷന്റെ നിയമവശങ്ങളും സ്വന്തം ശരീരത്തിൽ സ്ത്രീകളുടെ അവകാശത്തെ കുറിച്ചുമൊക്കെ പറഞ്ഞാൽ ഉടനെ ഗർഭസ്ഥ ശിശുവിന്റെ അവകാശങ്ങളെന്നും പറഞ്ഞു കൊടിയും പിടിച്ചിറങ്ങുന്ന ചിലരുണ്ട്. ജീവിച്ചിരിക്കുന്ന, പൂർണമായും പ്രായപൂർത്തിയായ ഒരു സ്ത്രീക്ക് തന്റെ ശരീരത്തിൽ അവകാശം ഒന്നുമില്ലെന്ന്‌ വിചാരിക്കുന്ന ഈ മെയിൽ ഷോവനിസ്റ്റുകളാണ് ഇതുവരെ ജനിക്കാത്ത കുഞ്ഞിന്റെ സുരക്ഷയുടെയും അവകാശത്തിന്റെയും മൊത്തക്കച്ചവടം ഏറ്റെടുത്തിരിക്കുന്നത്.
ഇവർക്ക് പറഞ്ഞാൽ ഇനി ഞാൻ എഴുതാൻ പോകുന്ന കാര്യങ്ങൾ മനസ്സിലാകുമോ എന്ന് ഉറപ്പില്ല, എന്നാലും പറഞ്ഞു നോക്കാം.

1. ഒരു സ്ത്രീ ജീവിക്കുന്നത് ഗർഭിണിയാകാനും കുഞ്ഞിനെ പ്രസവിക്കാനും മാത്രമല്ല. അങ്ങനെ ചിന്തിച്ചിരുന്ന ഒരു കാലം ഉണ്ടായിരുന്നു. അവിടെ നിന്നെല്ലാം നമ്മൾ ഒരുപാട് ദൂരം മുൻപോട്ട് യാത്ര ചെയ്താണ് ആധുനിക സമൂഹത്തിൽ എത്തി നിൽക്കുന്നത്.
സ്ത്രീ ഒരു സ്വതന്ത്ര വ്യക്തി ആണ്. അവരുടെ ശരീരത്തിലെ എല്ലാ കാര്യങ്ങളും നിർണയിക്കാനുള്ള അവകാശം അവർക്ക് മാത്രമാണുള്ളത്. സ്ത്രീ പുരുഷന്റെ സ്വത്ത്‌ (പ്രോപ്പർട്ടി) ആണെന്നുള്ളത് തികഞ്ഞ പുരുഷാധിപത്യ – മതാധിപത്യ ചിന്തയാണ്. മതം അടിസ്ഥാനപരമായും പുരുഷാധിപത്യം നിലനിർത്താൻ ഉണ്ടാക്കി പോന്ന സ്ത്രീ വിരുദ്ധ പ്രസ്ഥാനമാണല്ലോ. എന്നാൽ ഇന്ന് കാര്യങ്ങൾ അങ്ങനെ അല്ല. പുരുഷന്റെ പ്രോപ്പർട്ടി അല്ല സ്ത്രീ എന്നും, സ്ത്രീയും പുരുഷനും തുല്യ അവകാശങ്ങൾ ഉള്ള സ്വതന്ത്ര വ്യക്തിയാണെന്നുമുള്ള നിലയിലേക്ക് നമ്മുടെ അറിവുകൾ നമ്മളെ എത്തിച്ചിരിക്കുന്നുണ്ട്. ശാസ്ത്രം മതത്തിനും അന്ധവിശ്വാങ്ങൾക്കും അതീതമായ മാനവികതയുടെ പാത തുറന്നു തന്നിട്ടുണ്ട്.

ഗർഭധാരണത്തിന്റെയും പ്രസവത്തിന്റെയും കാര്യത്തിൽ കൂടുതൽ ഊർജ്ജം (Energy) ചിലവാക്കേണ്ടതും, കൂടുതൽ ഉത്തരവാദിത്തങ്ങളും സ്ത്രീയുടെ തലയിലാണ് സ്വാഭാവികമായും വരിക. അത് സ്ത്രീയുടെ ജൈവീകപരമായ ഉത്തരവാദിത്തമാണ്. അതുകൊണ്ട് തന്നെ ആ ഉത്തരവാദിത്തം ഏറ്റെടുക്കണമോ വേണ്ടയോ എന്നത് സ്ത്രീ മാത്രം തീരുമാനിക്കേണ്ട കാര്യമാണ്.

സ്വന്തം മാനസിക – ശാരീരിക – സാമൂഹിക ആരോഗ്യത്തെയും പ്രവർത്തനത്തെയും പല രീതിയിൽ ബാധിച്ചേക്കാവുന്ന ഈ ജൈവീക പ്രക്രിയ ഏറ്റെടുക്കാൻ താൻ തയ്യാറാണോ എന്ന് തീരുമാനിക്കാനുള്ള അവകാശം സ്ത്രീയുടേതാണ്. അത് അനുവദിക്കുക എന്നത് ആരുടേയും മഹാമനസ്കത ഒന്നുമല്ല. മറിച്ചു സഹജീവിയുടെ അവകാശങ്ങളെ കുറിച്ച് ബോധമുള്ള ആധുനിക സമൂഹത്തിന്റെ ഉത്തരവാദിത്തം ആണ്.

2. സ്ത്രീക്കുള്ളത് പോലുള്ള അവകാശം കുഞ്ഞിനും ഇല്ലേ എന്ന് ചോദിക്കുന്നവരോട്,
20 ആഴ്ച്ച വരെയാണ് നിയമപരമായി ഗർഭഛിദ്രം നടത്താനുള്ള സമയം നിശ്ചയിച്ചിരിക്കുന്നത്. ചില പ്രത്യേക സാഹചര്യങ്ങളിൽ മാത്രം 24 ആഴ്ചയായി ഇത് ഉയർത്തിയിട്ടുണ്ട്.
ഈ 20 ആഴ്ച വരെ പ്രായമുള്ള ഈ fetus നെ നിങ്ങൾ ഉദ്ദേശിക്കുന്ന കുഞ്ഞായി കണക്കാക്കാൻ സാധിക്കില്ല എന്നതാണ് ഒരു കാര്യം. കുഞ്ഞിന്റെ അവകാശമോ എന്ന് ചോദിക്കുമ്പോൾ, ഇവിടെ സ്വന്തമായി ഒരു നിലനില്പില്ലാത്ത fetus നെ ഒരു വ്യക്തിയായോ , അമ്മയുടെ വ്യക്തിസ്വാതത്രത്തിനു മുകളിൽ ഈ fetus ന്റെ അവകാശത്തെ കുറിച്ച് വാദിക്കുകയോ ചെയ്യുന്നത് തന്നെ സ്ത്രീ വിരുദ്ധമാണ്, അതിലേറെ മനുഷ്യത്വ വിരുദ്ധമാണ്. അതായതു പൂർണമായി വളർച്ചയെത്തിയ ഒരു വ്യക്തിയുടെ അതായതു സ്ത്രീയുടെ അവകാശത്തെ സ്വന്തമായി നിലനിൽപ്പ് പോലുമില്ലാത്ത ഒരു കൂട്ടം കോശങ്ങളുടെ അവകാശത്തിന്റെ വില പോലുമില്ലെന്നാണ് ഈ വാദിക്കുന്നത്. ഇത് പുരുഷാധിപത്യ (pathriarchy) ചിന്ത ആണ്. ഇത് അംഗീകരിച്ചു കൊടുക്കാൻ സാധിക്കില്ല.

20 ആഴ്ച വരെയാണ് നിയമപരവുമായി അബോർഷൻ ചെയ്യാൻ സാധിക്കുന്നത് എന്ന് പറഞ്ഞുവല്ലോ. ഈ 20 ആഴ്ച പ്രായമുള്ള ഭ്രൂണത്തെ അബോർട്ചെയ്യുന്നത് കൊലപാതകമാണെന്ന വാദിക്കുന്നവരുണ്ട്. Fetal Viability എന്ന ഒന്നുണ്ട്. അതായതു അമ്മയുടെ ഗർഭപാത്രത്തിനുപുറത്തു സ്വയമോ അല്ലെങ്കിൽ ജീവൻ രക്ഷ ഉപകരണങ്ങളുടെ സഹായത്തോടെയോ അതിജീവിക്കാൻ സാധിക്കുന്ന ഘട്ടത്തെ ആണ് ഇങ്ങനെ പറയുന്നത്. തിയററ്റിക്കലി ഇത് 20 ആഴ്ചയും കുഞ്ഞിന് 500 ഗ്രാം ഭാരവും ആയാണ് കണക്കാക്കുന്നത് എങ്കിലും 21 ആഴ്ച പ്രായമെത്തിയ ഭ്രൂണം പോലും അതിജീവിച്ചിതായി വളരെ അപൂർവമായി ആണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. 24 ആഴ്ച പ്രായമുള്ള ഒരു ഭ്രൂണത്തിന്റെ വയബിലിറ്റി റേറ്റ് 50 ശതമാനമാണെന്നാണ് കൂടുതൽ പഠനങ്ങളും കാണിക്കുന്നത്. അതായതു സ്വന്തമായി നിലനില്പില്ലാത്ത എന്ത് ജീവൻ രക്ഷ മാര്ഗങ്ങളുപയോഗിച്ചാലും ആമ്മയിലൂടെ അല്ലാതെ ജീവിക്കാൻ സാധിക്കാത്ത ഒരു ഘട്ടത്തിൽ, അമ്മയുടെ ശാരീരിക മാനസിക ആരോഗ്യത്തെ ഗർഭമോ ഗർഭസ്ഥ ശിശുവോ ബാധിക്കുന്ന ഘട്ടത്തിൽ ഗർഭഛിദ്രം വേണോ വേണ്ടയോ എന്ന് തിരഞ്ഞെടുക്കാനുള്ള അവകാശം അമ്മക്ക് മാത്രമാണ്. അത് സമ്മതിക്കുക എന്നതാണ് ധാർമികത. അതാണ് ധാർമികത. സ്ത്രീകളെ സഹജീവിയായി കണ്ടു കൊണ്ട് അവരുടെ അവകാശങ്ങളെ നിഷേധിക്കാത്ത ധാർമികത.

ഗർഭഛിദ്രം കൊലപാതകമാണെന്ന് അലറുന്ന മതജീവികളുടെ തലയിലും അവരുടെ അൾട്ടിമേറ്റ് സോഫ്റ്റ്‌വെയർ ആയ മത പുസ്തകങ്ങളിലാണ് ധാർമികത ഇല്ലാത്തത്. ഒരു സ്ത്രീ പീഡനത്തിന് ഇരയായാൽ, അതിനു കാരണം ഇരയാക്കപ്പെട്ട സ്ത്രീയാണെന്ന് പറയുന്നതിൽ എവിടെ ആണ് ധാർമികത. വേട്ടക്കാരന്റെ കൂടെ നിൽക്കുന്നതിൽ എവിടെ ആണ് ധാർമികത. അത് തന്നെയാണ് ഏറിയും കുറഞ്ഞും മതങ്ങൾ പറഞ്ഞു കൊണ്ടിരിക്കുന്നത്. എന്നിട്ടു തങ്ങൾ ധാർമികതയുടെ മൊത്തക്കച്ചവടക്കാരാണെന്നാണ് അവകാശവാധം.
നിങ്ങൾക്ക് ധാർമികത കവിഞ്ഞൊഴുകുന്നുണ്ടെങ്കിൽ അത് ആദ്യം കാണിക്കേണ്ടത് ജീവനുള്ള സ്ത്രീകളോടാണ്. മനുഷ്യൻ എന്ന് പൂർണമായി വിളിക്കാൻ സാധിക്കാത്ത കോശങ്ങളുടെ കൂട്ടത്തോടല്ല.
അപ്പൊ നിങ്ങളുടെ പ്രശ്നം ധാർമികതയോ ഗർഭസ്ഥ ശിശുവിനോടുള്ള അടക്കാനാകാത്ത അനുകമ്പയോ ഒന്നുമല്ല. സ്ത്രീകൾ അവരുടെ ശരീരത്തിൽ തീരുമാനങ്ങൾ എടുക്കാൻ തുടങ്ങിയാൽ നിങ്ങൾക്ക് സ്ത്രീകളുടെ മേലുള്ള നിയന്ത്രണാധികാരം പൊയ്‌പ്പോകുമോ എന്ന ഭയം മാത്രം ആണ്.

ശാസ്ത്രം പറയുന്നവർക്ക് ശാസ്ത്രീയമായി ചിന്തിക്കുന്നവർക്ക് ആരോടും യാതൊരു വൈകാരിക ബന്ധം ഇല്ലെന്നും അതുകൊണ്ടാണ് അവർ അബോർഷനെ പ്രോത്സാഹിപ്പിക്കുന്നത് എന്നുമാണ് മറ്റൊരു വാദം. എന്നാൽ നമ്മൾ അബോർഷനെ പ്രോത്സാഹിപ്പിക്കുകയല്ലെന്നും, ജീവിച്ചിരിക്കുന്നവരെ വ്യക്തികളായി കാണുകയും, അവരുടെ മാനസിക ശാരീരിക ആരോഗ്യത്തെ ബാധിക്കുന്ന പക്ഷം അവർക്കും ജനിക്കാൻ പോകുന്ന കുഞ്ഞിനും നരകതുല്യമായ ഒരു ജീവിതം നൽകാതെ ഇരിക്കലും ആണ് നമ്മൾ മുന്നോട്ട് വക്കുന്നത്. മനുഷ്യ ജീവിതത്തിന്റെ ക്വാളിറ്റി കൂടുമ്പോൾ മതത്തിന്റെ വീര്യം കുറയുമോ എന്ന ഭയമാണെന്നു തോന്നുന്നു, ജീവിതത്തിൽ ഒഴിവാക്കാൻ സാധിക്കുന്ന കഷ്ടപ്പാടുകളെപോലും വിധി, അവരുടെ ദൈവത്തിന്റെ പരീക്ഷണം എന്നെല്ലാം പറഞ്ഞു സഹനത്തെ ഗ്ലോറിഫൈ ചെയ്തു നിലനിർത്തി കൊണ്ടുപോകൽ. നിർഭാഗ്യവശാൽ ഇരകൾ മിക്കപ്പോഴും സ്ത്രീകൾ തന്നെ.

വീണ്ടും പറയട്ടെ , അബോർഷൻ സ്ത്രീകളുടെ അവകാശമാണ്. നിയമം അനുവദിക്കുന്ന കാരണങ്ങൾ മുൻ നിർത്തി സ്വന്തം ആരോഗ്യത്തെ ബാധിക്കുന്ന പക്ഷം അബോർഷൻ ചെയ്യാൻ ഉള്ള അവകാശം നിങ്ങൾക്കുണ്ട്. അതിൽ ധാർമികതയുടെ പ്രശ്നങ്ങൾ ഒന്നും തന്നെ ഇല്ല. സ്വയം ആരോഗ്യമുള്ളവരായി ഇരിക്കുക എന്നതാണ് ഓരോരുത്തരും ആദ്യമായി അവനവനോട് കാണിക്കേണ്ട ധാർമികത. സ്ത്രീകൾ ത്യാഗത്തിന്റെ മൊത്തക്കച്ചവടക്കാരോ പ്രസവ യന്ത്രങ്ങളോ അല്ല.

LEAVE A REPLY

Please enter your comment!
Please enter your name here