ജാഫറിന്റെ മകന് സ്കൂളിൽ മതം ഇല്ല; മകനെ മനുഷ്യനായി വളർത്താനുറച്ച് ഒരു പിതാവ്

ജാതിയും മതവും അവനു ഇഷ്ടമുണ്ടെങ്കിൽ ചേർക്കട്ടെ. കുട്ടികൾ സ്വതന്ത്രമായാണ് വളരേണ്ടത്, കുട്ടികൾ പ്രായപൂർത്തി ആവുമ്പോൾ അവർക്ക് ഇഷ്ടമുള്ള മതം സ്വീകരിക്കട്ടെ എന്നും ജാഫർ പറയുന്നു.

മതത്തിൽ വിശ്വസിക്കുന്നതുപോലെ, ജാതിയും മതവുമില്ലാതെ ജീവിക്കാനും ഇന്ത്യൻ ഭരണഘടന അനുവാദം നൽകുന്നു. കുട്ടികൾക്ക് പക്വതയും തിരിച്ചറിവും പ്രായപൂർത്തി ആവുന്നതിനും മുൻപ് കുട്ടി ജനിച്ച വീട്ടിലെ മതം കുട്ടിക്കും പകർന്നു നൽകുന്ന നടപ്പ് രീതികളാണ് നമ്മുടെ നാട്ടിൽ കണ്ടു വരുന്നത്. ചെറുപ്പം മുതൽ തന്നെ മനുഷ്യൻ ആവുന്നതിനു മുൻപേ മതജീവി ആകാനാണ് ഓരോ മതസമൂഹവും, അതിൽ അധിഷ്‌ഠിതമായ കുടുംബവ്യവസ്ഥയും കുട്ടിയെ പഠിപ്പിക്കുന്നത്. എന്നാൽ ഇത്തരം നടപ്പ് രീതികളിൽ നിന്നും വ്യത്യസ്തമായി തന്റെ കുട്ടിയെ മനുഷ്യനായി വളർത്താനാണ് കോഴിക്കോട് കൊടുവള്ളി സ്വദേശി ജാഫർ എം എന്ന പിതാവിന്റെ തീരുമാനം.

“എന്റെ മകനെ ഈവർഷം ഒന്നാം ക്ളാസിൽ ചേർത്തു. ജാതിയും മതവുമില്ലാതെ അവൻ മനുഷ്യനായി വളരട്ടെ. അതല്ല പ്രായപൂർത്തിയായശേഷം അവന് ഏതെങ്കിലും മതം വേണമെൻകിൽ അവൻ സ്വയം തെരെഞ്ഞെടുക്കട്ടെ” എന്നാണ് ജാഫർ തന്റെ മകന്റെ അഡ്മിഷൻ വാങ്ങാനുള്ള അപേക്ഷ ഫോറം ചേർത്തു ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. കോഴിക്കോട് കൊടുവള്ളിയിൽ എ.എം.എൽ.പി. സ്കൂളിലാണ് ജാഫർ തന്റെ മകൻ ഇഷാനെ ചേർത്തിരിക്കുന്നത്. കുട്ടിയുടെ മതം ഏതാണ് എന്ന ചോദ്യത്തിന് ‘ഇല്ല’ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കുട്ടികൾ സ്വതന്ത്രമായാണ് വളരേണ്ടത്, കുട്ടികൾ പ്രായപൂർത്തി ആവുമ്പോൾ അവർക്ക് ഇഷ്ടമുള്ള മതം സ്വീകരിക്കട്ടെ എന്നും ജാഫർ പറയുന്നു.

“ഞാനൊരു തീവ്ര ഇസ്ലാം മത വിശ്വാസി ആയിരുന്നു. ഇസ്ലാം മതത്തിന്റെ എല്ലാ രീതികളും മനസിലാക്കിയിട്ടുണ്ട്. ഇസ്ലാം എത്രത്തോളം ഭീകരം ആണെന്നും അറിയാം. മതം ഉപേക്ഷിച്ചപ്പോഴാണ് എത്രത്തോളം സാമൂഹിക വിപത്താണ് ഇസ്ലാം എന്ന് മനസിലായത്. ഞാൻ മതം ഉപേക്ഷിച്ചു, എന്റെ ഭാര്യയും. ഞങ്ങൾ രണ്ടുപേരും മുസല്യാന്മാർ ഫാമിലി ആയിരുന്നു. മതം ഉപേക്ഷിച്ചതോടെ ഇപ്പോൾ ഞങ്ങൾ ഒരുമിച്ചാണ് ഞങ്ങളുടെ മകനെ മനുഷ്യനായി വളർത്താനുള്ള തീരുമാനമെടുത്തത്. മതം തരുന്ന ഒരു ആനുകൂല്യവും എനിക്കോ എന്റെ കുടുംബത്തിനോ ആവശ്യമില്ല. മതം ഉപേക്ഷിച്ചതോടെ ബന്ധുക്കളിൽ നിന്നും മതവിശ്വാസികളായ പരിചയക്കാരിൽ നിന്നും നിരവധി പ്രശ്നങ്ങൾ ഉണ്ടായിരുന്നു. മതമില്ലാതെയും ആളുകൾക്ക് ഇവിടെ ജീവിക്കണം. അടുത്ത തലമുറ സ്വതന്ത്രരായി വളരണം. ” ജാഫർ കോളാമ്പി ന്യൂസിനോട് പറഞ്ഞു. സ്വതന്ത്ര ചിന്തകനും, എക്സ് മുസ്ലിമുമാണ് ജാഫർ ചളിക്കോട്.

LEAVE A REPLY

Please enter your comment!
Please enter your name here