മദ്രസയിൽ പഠിക്കുമ്പോൾ നീ മൂത്തല്ലോടിയെന്ന് പറഞ്ഞ ഉസ്താദിനെ ഓർമ വന്നു ; ജീവിതമെഴുതി ഷിഫാന സലിം

Kolambi Web

സമൂഹം കൽപ്പിക്കുന്ന വാർപ്പുമാതൃകകളിൽ സ്ത്രീകളെ തളച്ചിടുന്നതാണ് നമ്മുടെ നാട്ടിലെ നടപ്പ് രീതി. സമൂഹം നിശ്ചയിക്കുന്ന പരിധിക്ക് പുറത്തുകടക്കാൻ സാധിക്കാത്ത സ്ത്രീകളിൽ ബഹുഭൂരിപക്ഷവും. അടുക്കളകളിൽ ഒതുങ്ങിപോകുമ്പോൾ പുറത്തുകടന്നവർ വിരളമാവും. ആറാം ക്ലാസ്സിൽ മദ്രസയിൽ പഠിക്കുമ്പോൾ നീ മൂത്തല്ലോടിയെന്ന് പറഞ്ഞ ഉസ്താദിനെയും, പട്ടിണി സമരങ്ങളും കരച്ചിലുകളും പെണ്ണാണെന്ന ഓർമപ്പെടുത്തലും എഴുതുകയാണ് ഷിഫാന സലിം. കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ ബിരുദാനന്തര ബിരുദ വിദ്യാർത്ഥിയായ ഷിഫാന വേൾഡ് മലയാളി സർക്കിൾ എന്ന ഫേസ്ബുക് ഗ്രൂപ്പിലാണ് അനുഭവ കുറിപ്പ് എഴുതിയത്.

ഷിഫാനയുടെ പോസ്റ്റിന്റെ പൂർണ രൂപം ഇങ്ങനെ, ‘പ്രിയപ്പെട്ട ഒരു മനുഷ്യന്റെ ഗന്ധം പോലും നിങ്ങളെ ഉന്മാദവതിയാക്കും.. എന്നാൽ ഇഷ്ട്ടപ്പെടാത്ത ഒരു പുരുഷന്റെ നോട്ടം പോലും നിങ്ങളെ അസ്വസ്ഥപ്പെടുത്തും. ഒരിക്കൽ സ്കൂളീന്ന് ബസിൽ വരുമ്പോ കൂടെയുള്ളവൾ ഏങ്ങിയേങ്ങി കരഞ്ഞതോർക്കുന്നു. എത്ര ചോദിച്ചിട്ടും എന്താണ് സംഭവിച്ചതെന്ന് അവൾ പറഞ്ഞില്ല. പിന്നീടൊരുസം നഖമാഴ്ന്ന പോലൊരു പാട് അവളുടെ ശരീരത്തിലവളെനിക്ക് കാണിച്ചു തന്നു. എനിക്ക് അവളെക്കാൾ വേദന തോന്നി.

ആറാം ക്ലാസ്സിൽ മദ്രസയിൽ പഠിക്കുമ്പോൾ നീ മൂത്തല്ലോടിയെന്ന് പറഞ്ഞ ഉസ്താദിനെ ഓർമ വന്നു. ഒന്നാം ക്ലാസ്സിൽ കൂടെ പഠിക്കുന്ന ഒരാൺകുട്ടിയോട് വഴക്കുണ്ടാക്കിയ എന്നോടവൻ എന്നെ തൊട്ടാലും ഞാൻ നിന്നെ തൊട്ടാലും നിനക്കാണ് പോവുക എന്ന് പറഞ്ഞു എന്നെ അടക്കിയിരുത്തിയതോർമ വന്നു. എത്ര നിസ്സാരമായാണ് അവനെന്നെ വെറും പെണ്ണാക്കിയതെന്ന് ഓർത്തു. അന്ന് നഷ്‌ടപ്പെടുന്ന എന്തോ ഒന്ന് എന്റെയടുത്തുണ്ടെന്നാലോചിച്ചുറങ്ങാതിരുന്നു. അത് സത്യമാക്കും വിധം അഞ്ചാം ക്ലാസ്സിലേക്ക് പെൺകുട്ടികൾ മാത്രം പഠിക്കുന്ന സ്കൂളിലേക്ക് എന്നെ പറിച്ചു നടപ്പെട്ടു. എട്ടു വർഷങ്ങൾ ഞാനവിടെയായിരുന്നു. ഒരു ദിവസത്തിൽ കൂടാത്ത കുഞ്ഞു യാത്രകൾക്കപ്പുറം ഒന്നുമെനിക്കനുവാദമുണ്ടായിരുന്നില്ല. പട്ടിണി സമരങ്ങളും കരച്ചിലുകളും പെണ്ണാണെന്ന ഓർമപ്പെടുത്തലുകളിൽ മുങ്ങിപ്പോയി. പതിനേഴാം വയസ്സിൽ കല്യാണം കഴിക്കുമ്പോഴും ആമി പറഞ്ഞ പോലെ ഞാൻ കന്യകയായിരുന്നു. പക്ഷെ അതിന്റർത്ഥം എനിക്കന്നറിഞ്ഞിരുന്നില്ല.

പിന്നെയും വർഷങ്ങൾ കടന്നു പോയി. നോട്ടങ്ങളുടെ,പിടിക്കലുകളുടെ അടക്കിപ്പിടിച്ച കഥകളും കരച്ചിലുകളും കേട്ട് മനസ്സ് തഴമ്പ് വെച്ചു.
കുട്ടിക്കാലത്തുണ്ടാകുന്ന ട്രോമകളിൽ നിന്നും ഒരു മടക്കം സാധ്യമാവാത്ത എന്നെയും എന്നെ പോലുള്ളവരെയും കണ്ടു. ഞാൻ കണ്ട പെണ്ണുങ്ങളിൽ തൊണ്ണൂറു ശതമാനം പേരും ഇത് പോലുള്ള അവസ്ഥകളിലൂടെ കടന്നു പോയവരാണ്. കുടുംബങ്ങളിൽ നിന്ന് അടുത്ത വീടുകളിൽ നിന്ന് ഏറ്റവും വിശ്വസ്തരെന്ന് കരുതിയവരാൽ മുറിവേൽക്കപ്പെട്ടു ശബ്ദം നിലച്ചു പോയവരാണ്. പ്രതികരിക്കാനുള്ള ശേഷിയുണ്ടാകുന്ന മനുഷ്യർ അത്രമേൽ ഒരിക്കൽ അടിച്ചമർത്തപ്പെട്ടവരായിരിക്കുമെന്ന് ചെലപ്പോൾ തോന്നാറുണ്ട്. പ്രതികരിക്കാതിരുന്നാൽ അസ്തിത്വം നഷ്‌ടപ്പെട്ടു പോകുമോ എന്ന് ഭയമുള്ളവരായിക്കുമവർ. പിന്നീട് ഓരോ ആണും പെണ്ണും മനുഷ്യരാണെന്നും തുല്യരാണെന്നുമുള്ള തിരിച്ചറിവുകളുണ്ടായപ്പോഴും എഴുതുന്ന എന്നെ അഹങ്കാരിയാക്കാൻ ശ്രമിച്ചു. എന്നിരുന്നാലും നഷ്‌ടപ്പെടുന്ന ഒന്നും എന്നിലില്ലെന്ന് എന്നോടും കൂടെയുള്ള പെണ്ണുങ്ങളോടും ഞാൻ കലഹിച്ചു. ഇതൊക്കെ ഒരു വലിയ കാര്യമാണോയെന്ന് ചിലർക്ക് ചോദിക്കാം.. പക്ഷെ പെണ്ണായി ജനിക്കുന്നത് മുതൽ പെണ്ണായി ജീവിക്കുന്നത് വരെ ഒരു വിപ്ലവമാണെന്ന് ഒരു സമസ്യയാണെന്ന്, എന്ത് മാത്രം വേദനകളുടെ അപമാനങ്ങളുടെ ചെയ്യരുതാത്തതുകളുടെ പരിധികൾക്കുള്ളിൽ നിന്നാണെന്ന് ഞങ്ങൾ പെണ്ണുങ്ങൾക്കല്ലേ അറിയൂ..’

https://www.facebook.com/groups/1001362976891489/permalink/1590984984595949/

LEAVE A REPLY

Please enter your comment!
Please enter your name here