മുസ്ലിങ്ങൾ ക്രിസ്മസ് ആശംസ പറയുന്നത് ഇസ്ലാമിക നിയങ്ങൾക്കെതിരാണെന്നാണ് ഇസ്ലാമിക് ടെലിവാൻജലിസ്റ്റ് സക്കീർ നായിക്ക്.(Zakir Naik on Christmas) “എല്ലാവരും വലിയ പ്രശ്നമില്ലല്ലോ എന്ന് കരുതി ക്രിസ്മസ് ആശംസ പറയുകയും, ആഘോഷങ്ങളിൽ പങ്കെടുക്കുകയും ചെയ്യാറുണ്ട്. എന്നാൽ മുസ്ലിങ്ങൾക്ക് ഇത്തരം രീതികൾ ഹറാമാണ്. നിങ്ങൾ അവർക്ക് മെറി ക്രിസ്മസ് ആശംസിക്കുമ്പോൾ, അവൻ ദൈവപുത്രനാണെന്നും അത് ശിർക്ക് ആണെന്നും നിങ്ങൾ സമ്മതിച്ചു കൊടുക്കുകയാണ് ചെയ്യുന്നത്” സാക്കിർ നായിക് പറയുന്നു. നിങ്ങളുടെ ക്രിസ്ത്യൻ സുഹൃത്തുക്കളോട് മെറി ക്രിസ്മസ് എന്ന് പറയുമ്പോൾ ഡിസംബർ 25 ന് ദൈവപുത്രൻ പിറന്നു എന്നതിനെ അംഗീകരിച്ചു കൊടുക്കുകയാണെന്നും ലോകത്തിന്റെ പരമോന്നത സ്രഷ്ടാവ് അള്ളാഹുവാണെന്നും അതിനാൽ യേശുക്രിസ്തുവിനെ ആരാധിക്കുന്നത് അതായത് അള്ളാഹു അല്ലാത്ത മറ്റാരെയെങ്കിലും ആരാധിക്കുന്നത് പാപമാണെന്നും സാക്കിർ നായിക് പറഞ്ഞു. ഹൂഡ ടി.വി എന്ന യൂട്യൂബ് ചാനലിൽ പങ്കു വെച്ച വീഡിയോ ആണ് വീണ്ടും ചർച്ചയാവുന്നത്.
“ക്രിസ്മസ് എന്താണ് അർത്ഥമാക്കുന്നത് എന്ന് നിങ്ങൾക്ക് അറിയില്ലെങ്കിൽ ആരെങ്കിലും ആശംസിക്കാൻ ഇടയായാൽ, അല്ലാഹു നിങ്ങളോട് ക്ഷമിക്കും. പെപ്സി ആണെന്ന് തെറ്റിദ്ധരിച്ച് നിങ്ങൾ മദ്യപിച്ചാൽ അല്ലാഹു നിങ്ങളോട് പൊറുത്തു തരും. എന്നാൽ ക്രിസ്മസ് എന്താണ് സൂചിപ്പിക്കുന്നതെന്ന് അറിഞ്ഞതിന് ശേഷവും നിങ്ങൾ ക്രിസ്മസ് ആശംസിക്കുകയും ആഘോഷിക്കുകയും ചെയ്താൽ നിങ്ങളുടെ സ്ഥാനം നരകത്തിൽ ആയിരിക്കും”നായിക് കൂട്ടിച്ചേർത്തു. മുസ്ലിങ്ങൾ ക്രിസ്മസ് ആഘോഷിക്കാൻ പാടില്ല എന്ന് സാകിർ നായിക് ആഹ്വാനം ചെയ്യുന്ന നിരവധി വീഡിയോകൾ, ഫേസ്ബുക് പോസ്റ്റുകൾ എന്നിവ ക്രിസ്മസ് സമയമായപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാവുകയായിരുന്നു.
മുസ്ലിങ്ങളെ ഇസ്ലാമിക വിശ്വാസങ്ങളുടെ പേരിൽ പൊതു സമൂഹത്തിൽ നിന്നും എല്ലാവരെയും തുല്യരായി കാണുന്ന ആധുനിക ബോധ്യങ്ങളിൽ നിന്നും അപരവത്കരിക്കുകയാണ് സാകിർ നായികിനെപ്പോലെയുള്ള ഇസ്ലാമിക പണ്ഡിതർ.

