കന്യാസ്ത്രീകളാകാൻ സ്ത്രീകളില്ല ; പ്രതിസന്ധിയിലായി കത്തോലിക്കാ സഭ

Abhilash Krishnan

അമേരിക്കയിൽ കന്യാസ്ത്രീകളുടെ എണ്ണത്തിൽ വളരെ വലിയ കുറവ് സംഭവിച്ചിരിക്കുന്നതായി 2019 ൽ ഫോക്സ് ന്യൂസ് റിപോർട്ട് ചെയ്തിരുന്നു. 1960 കളിൽ രണ്ട് ലക്ഷത്തിന് അടുത്ത് ഉണ്ടായിരുന്ന സ്ഥലത്ത് ഇന്ന് അത് മുപ്പതിനായിരം പേരായി ചുരുങ്ങിയിരിക്കുന്നു. അതിവേഗത്തിൽ എണ്ണത്തിൽ കുറവ് വരുന്നത് മാത്രമല്ല, കന്യാസ്ത്രീകളുടെ പ്രായാധിക്യവും സഭയെ വലയ്ക്കുന്നു. 80 വയസാണ് ഇപ്പോഴത്തെ ശരാശരി പ്രായം.

അമേരിക്കയിൽ മാത്രമല്ല, ലോകം മുഴുവൻ ഈ ട്രൻഡ് കാണാം. 2015 ൽ എക്കണോമിക്സ് ടൈംസിൽ വന്ന റിപ്പോർട്ട് അനുസരിച്ച് ഇന്ത്യയിലും സമാനമായ അവസ്ഥയാണ്. നമ്മുടെ രാജ്യത്ത് ഏറ്റവും കൂടുതൽ കന്യാസ്ത്രീകൾ കേരളത്തിൽ നിന്നാണ്. ഓരോ വർഷവും പുതുതായി എൻറോൾ ചെയ്യുന്നവരുടെ എണ്ണത്തിൽ വൻ കുറവ് ആണ് കാണാൻ കഴിയുന്നത്.

കഴിഞ്ഞ ദശകങ്ങളിൽ ഉണ്ടായ സാമ്പത്തിക പുരോഗതിയാണ് ഇതിന് പ്രധാന കാരണം. അറുപതുകളിൽ നാലും അഞ്ചും കുട്ടികൾ ഉള്ള കുടുംബങ്ങളിൽ നിന്നും ഒരാളെ സഭയ്ക്ക് കൊടുക്കുക എന്നത് , പല ദരിദ്ര കുടുംബങ്ങൾക്കും പ്രായോഗികമായ ഒരു രക്ഷപെടൽ ആയിരുന്നു. ജനസംഖ്യാ നിയന്ത്രണം, മെച്ചപ്പെട്ട വിദ്യാഭ്യാസം , കൂടുതൽ തൊഴിലവസരങ്ങൾ, തുടങ്ങിയവയിലൂടെ സാമ്പത്തിക അഭിവൃദ്ധി നേടിയ ഇന്നത്തെ കുടുംബങ്ങളിൽ നിന്ന് പെൺകുട്ടികളെ നേടാൻ സഭയ്ക്ക് കഷ്ടപെടേണ്ടി വരും. സ്വയം തീരുമാനമെടുക്കുന്ന സ്ത്രീകൾ, ജീവിതം മുഴുവൻ സഭയ്ക്ക് വേണ്ടി ഹോമിക്കാൻ ഇന്ന് തയാറാകുന്നില്ല.

അതോടൊപ്പം, കോളിളക്കം സൃഷടിച്ച പീഡന കൊലപാതക വാർത്തകളും , സഭ ആ സംഭവങ്ങളിൽ എടുത്ത നിലപാടും പുതിയ തലമുറയെ മാറി ചിന്തിക്കാൻ പ്രേരിപ്പിച്ചിട്ടുണ്ട്.

കേരളവും തമിഴ് നാടും ഒക്കെ ഉപേക്ഷിച്ച് നോർത്ത് ഈസ്റ്റിലും, നോർത്ത് ഇൻഡ്യൻ ഗ്രാമങ്ങളിലും ആണ് ഇന്ന് സഭ പുതിയ കന്യാസ്ത്രീകളെ തേടുന്നത്. അധികം വൈകാതെ തന്നെ, അന്യ സംസ്ഥാന കന്യാസ്ത്രീകളെ നമ്മുടെ നാട്ടിൽ കണ്ടാൽ അത്ഭുതപെടാനില്ല.

സേവനം ആണ് ലക്ഷ്യമെങ്കിൽ അതിന് അനവധി വഴികൾ ഉണ്ട്. സ്വയം ജീവിതം ത്യജിച്ച് പൗരോഹിത്യത്തിന്റെ അടിമകളായി അനേകങ്ങൾ എരിഞ്ഞു തീരുന്ന ഈ വിശ്വാസ കുരുക്ക് വരും ദശകങ്ങളിൽ പൂർണമായും അപ്രത്യക്ഷമാകട്ടെ

LEAVE A REPLY

Please enter your comment!
Please enter your name here