ഇസ്ലാമും ശാസ്ത്രവും; ഒരു നഷ്ട പ്രണയത്തിന്റെ ചരിത്രം : അഭിലാഷ് കൃഷ്ണൻ എഴുതുന്നു

പരിണാമം, ക്വാണ്ടം മെക്കാനിക്സ്, ശൂന്യാകാശം, പ്രപഞ്ചോൽപ്പത്തി, മനുഷ്യ ശരീരം,ഭൂമിയുടെ ഘടന, പ്രകൃതി പ്രതിഭാസങ്ങളുടെ നിർവചനം തുടങ്ങിയ എല്ലാ അറിവുകളും തന്നെ മതത്തിന്റെ അടിസ്ഥാനത്തെ തകർക്കാൻ പ്രാപ്തമായത് ആയിരുന്നു. മതത്തെ രക്ഷിക്കാൻ ആയി, ശാസ്ത്രവും മതവും ഒരിക്കലും ചേർന്ന് പോകുന്നതല്ല എന്ന നിഗമനത്തിലേക്ക് ഇസ്ലാം പണ്ഡിതർ എത്തി ചേർന്നു.

Abhilash Krishnan

ഇസ്ലാമും ശാസ്ത്രവും എതിർ ദിശയിൽ സഞ്ചരിക്കുന്ന കാലഘട്ടത്തിൽ ആണ് നാം ജീവിക്കുന്നത്. എന്നാൽ എല്ലാക്കാലവും അതായിരുന്നില്ല സ്ഥിതി. ചരിത്രത്തിൽ ഇസ്ലാമിന് ശാസ്ത്ര പുരോഗതിയിൽ നിർണായക പങ്കുണ്ട്.

Golden Age of Islam
———————————–

എട്ടാം നൂറ്റാണ്ടിനും പതിനാറാം നൂറ്റാണ്ടിനും ഇടയിലുള്ള മധ്യകാല ഇസ്ലാം ശാസ്ത്രത്തിൻ്റെ ചരിത്രത്തിലെ നിർണായകമായ കാലഘട്ടമായിരുന്നു. അബ്ബാസിദ് ഖലീഫമാരുടെ ഭരണത്തിൽ അറേബ്യ ലോകത്തിന്റെ വ്യാപാര കേന്ദ്രമായി മാറി. ഇന്ത്യയും ചൈനയും യൂറോപ്പും അറേബ്യയുമായി വ്യാപാര ബന്ധങ്ങൾ നിലവിൽ വന്നു. പത്താം നൂറ്റാണ്ടിൽ ബാഗ്ദാദ് ലോകത്തിലെ തന്നെ ഏറ്റവും വലിയ നഗരമായി മാറി. സിൽക്ക് റൂട്ടിലൂടെ ലോകത്തിലെ എല്ലാ സംസ്കാരങ്ങളും ഉൽപ്പന്ന സേവനങ്ങളും ബാഗ്ദാദിലേക്ക് ഒഴുകിയെത്തിയ സുവർണകാലഘട്ടം. ഒരർത്ഥത്തിൽ ആഗോളവൽക്കരണത്തിൻ്റെ ആദ്യമാതൃകകളിൽ ഒന്നായിരുന്നു അത്.

ഭൗതികസൗകര്യങ്ങളുടെ സമ്പൽസമൃദ്ധി മാത്രമായിരുന്നില്ല ,അറിവിനു വേണ്ടിയുള്ള അടങ്ങാത്ത ആവേശമായിരുന്നു മധ്യകാല ഇസ്ലാമിലെ ഏറ്റവും വലിയ പ്രത്യേകത. എല്ലാ സംസ്കാരങ്ങളെയും അവൾ രണ്ടുകയ്യും നീട്ടി സ്വീകരിച്ചു. ലോകത്തിന്റെ പല കോണുകളിൽ നിന്നും പണ്ഡിതന്മാർ അറേബ്യയിലേക്ക് കുടിയേറി. വിലകുറഞ്ഞ ചൈനീസ് പേപ്പർ അറേബ്യയിൽ എത്തിയതോടെ അറിവിന്റെ വിപ്ലവത്തിന് തുടക്കംകുറിക്കപ്പെട്ടു. പേപ്പറിൻ്റെ ധാരാളിത്തം കാരണം, ചരിത്രത്തിലാദ്യമായി, ബൗദ്ധിക പ്രവർത്തികളിൽ ഏർപ്പെടുന്നത് വരുമാനമുണ്ടാക്കാവുന്ന ഒരു പ്രവൃത്തിയായി മാറി. വിലകുറഞ്ഞ പേപ്പർ ,ലൈബ്രറികളുടെ നിർമ്മാണം, ട്രാൻസ്ലേഷൻ മൂവ്മെൻറ് ( വിവർത്തന വിപ്ലവം ) എന്നിവ ആരംഭിച്ചു. ഗ്രീക്ക്, ചൈനീസ്, സംസ്‌കൃത ഭാഷകളിലെ വിവിധ ഗ്രന്ഥങ്ങൾ അറബി ഭാഷയിലേക്ക് തർജ്ജമ ചെയ്യപ്പെട്ടു. ഭൗതികശാസ്ത്രം, രസതന്ത്രം, ജീവശാസ്ത്രം, ആസ്ട്രോണമി , തത്ത്വശാസ്ത്രം തുടങ്ങി അതുവരെ കണ്ടെത്തിയ അറിവുകളെല്ലാം അറബി ഭാഷയിലേക്ക് തർജ്ജമ ചെയ്യപ്പെട്ടു. ശാസ്ത്രത്തിന്റെ സകല മേഖലകളിലും അറേബ്യൻ പണ്ഡിതർ അവരുടെ സംഭാവനകൾ നൽകി.

ജ്യോമട്രിയിലെയും ട്രിഗണോമട്രിയിലെയും സമവാക്യങ്ങൾ മക്ക ഏത് ദിശയിലാണ് എന്ന് ശാസ്ത്രീയമായി മനസ്സിലാക്കാൻ ഉപയോഗപ്പെടുത്തി. നിർമാണപ്രവർത്തനങ്ങൾ കാർഷികരംഗത്തും വ്യവസായങ്ങളിലും പുതിയ ശാസ്ത്ര അറിവുകൾ വിപ്ലവകരമായ മാറ്റം സൃഷ്ടിച്ചു. അറബി ശാസ്ത്ര ഭാഷയായി. പുതിയ അറിവുകൾ പൊതുജനങ്ങളിലേക്ക് പകരാൻ വേണ്ടി വിദ്യാഭ്യാസ സ്ഥാപനങ്ങൾ (മദ്രസകൾ) തുടങ്ങി.അരിസ്റ്റോട്ടിലിന്റെയും , സോക്രട്ടസിന്റെയും, ടോളമിയുടെയും, ശുഷ്രിതന്റെയും വിദ്യാർഥികൾ അറേബ്യയിൽ ഉണ്ടായി.

മതവും ശാസ്ത്രവും
———————————–
മധ്യകാല ഇസ്ലാമിൽ ആദ്യ കാലത്ത് മതം ശാസ്ത്രത്തിന്റെ വളർച്ചയ്ക്ക് ഒരു തടസ്സമായിരുന്നില്ല ,എന്നാൽ ഒരു ചാലകശക്തി ആയിരുന്നു താനും. അറിവ് നേടാനുള്ള ആഹ്വാനം ഖുർആനിൽ തന്നെ ഉണ്ടായിരുന്നു. ഇവിടെ ശ്രദ്ധിക്കേണ്ട കാര്യം ആരംഭകാലത്തെ ശാസ്ത്രത്തിന്റെ ഫലങ്ങൾ ഒന്നും തന്നെ മതത്തിൻറെ തത്വശാസ്ത്രത്തെ ഒരുതരത്തിലും ചോദ്യം ചെയ്തിരുന്നില്ല. ശൈശവ ദശയിലായിരുന്ന ശാസ്ത്രം ആ ഘട്ടത്തിൽ മതം മുന്നോട്ടുവെക്കുന്ന സർവ്വശക്തനായ ദൈവത്തിനും, അദ്ദേഹം സൃഷ്ടിച്ച പ്രകൃതിനിയമങ്ങൾക്കും പ്രപഞ്ചത്തിനും യാതൊരു ഭീഷണിയുയർത്തില്ല.

യുക്തിയും വെളിപാടും
(Reason and Revelation)
—————————————————-

കാലക്രമേണ രണ്ടു വ്യത്യസ്ത ചിന്താഗതികൾ മധ്യകാല ഇസ്ലാമിൽ രൂപപ്പെട്ടു. ഒരു വിഭാഗം യുക്തിക്ക് മുൻതൂക്കം നൽകി( Mu’tazila). അറിവിൻ്റെ ഏക സ്രോതസ് ഖുർആൻ അല്ല എന്നും മനുഷ്യബുദ്ധിക്ക് അനുസരിച്ച് കണ്ടെത്തുന്ന ശാസ്ത്രസത്യങ്ങൾ, പരീക്ഷണത്തിലൂടെ നേരിടുന്ന ശാസ്ത്ര അറിവുകൾ ഒക്കെ ശരിയും തെറ്റും വേർതിരിച്ചു അറിയാൻ ഉപയോഗിക്കാൻ കഴിയും എന്നൊക്കെ അവർ ചിന്തിച്ചു ,വാദിച്ചു. എന്നിരുന്നാലും ദൈവം, പ്രവാചകൻ എന്നീ ആത്യന്തിക സത്യങ്ങൾക്ക് ഉള്ളിൽ ആയിരിക്കണം യുക്തിഎന്ന് അവർക്കും നിർബന്ധമുണ്ടായിരുന്നു.

രണ്ടാമത്തെ വിഭാഗം പൂർണമായും വെളിപാടിൽ വിശ്വസിച്ചു ( Ash’ari) . ഖുർആൻ ആണ് അറിവിന്റെ ഏകവഴി എന്നും അത് വ്യാഖ്യാനങ്ങൾക്ക് വിധേയമല്ല എന്നും ഈ കൂട്ടർ വാദിച്ചു.

ഈ രണ്ടു വിഭാഗങ്ങളും തമ്മിലുള്ള ആശയ സംവാദങ്ങളും പോരാട്ടങ്ങളും മദ്യകാല ഇസ്ലാമിന്റെ മുന്നോട്ടുള്ള വഴിയിൽ നിർണായകമായിരുന്നു. ചില രാഷ്ട്രീയ സംഭവങ്ങളുടെ പരിണിതഫലമായി നിർഭാഗ്യവശാൽ സുവർണ്ണ കാലഘട്ടത്തിന്റെ അവസാന സമയത്ത് വെളിപാടിന് വേണ്ടി വാദിച്ചവരുടെ സംഘത്തിനാണ് ജനപിന്തുണയും അധികാര പിന്തുണയും ഉണ്ടായിരുന്നത്. ഈ പവർ ഷിഫ്റ്റ് ആണ് ഇസ്ലാമിന് നേരിട്ട ആദ്യത്തെ ആഘാതം

Decline of Golden age and Rise of Europe
——————————————————————–

കുരിശുയുദ്ധങ്ങൾ, ഓട്ടോമൻ സാമ്രാജ്യത്തിലെ വളർച്ച, മംഗോൾ ആക്രമണം, ആഭ്യന്തര യുദ്ധങ്ങൾ തുടങ്ങിയ നിരവധി കാരണങ്ങളാൽ അറേബ്യയുടെ സുവർണകാലം അവസാനിച്ചു. സിൽക്ക് റൂട്ട് ഉപേക്ഷിച്ചു യൂറോപ്പ് പുതിയകടൽ വഴികൾ വ്യാപാരത്തിനായി കണ്ടെത്തി. നൂറ്റാണ്ടുകൾ നീണ്ടുനിന്ന ഇസ്ലാമിന്റെ അപ്രമാദിത്യം അതോടെ അവസാനിച്ചു.

എന്നാൽ ശാസ്ത്രത്തിന്റെ വളർച്ചയിൽ ഇസ്ലാം ഒരു നിർണായകപങ്ക് അതിനോടകം തന്നെ വഹിച്ചു കഴിഞ്ഞിരുന്നു. പുരാതനമായ എല്ലാ അറിവുകളും ക്രോഡീകരിക്കുകയും വേണ്ട കൂട്ടിച്ചേർക്കൽ നടത്തുകയും ചെയ്തു അവർ ഉയർന്നുവന്ന പുതിയ ശക്തിയായ യൂറോപ്പിന് കൈമാറി. അറേബ്യയിൽ ഉയർന്നുവന്ന ശാസ്ത്രീയചിന്താഗതി ഉപയോഗിച്ച് AD 1500 ശേഷം യൂറോപ്പ് മുന്നോട്ടു കുതിച്ചു. അവരുടെ ആദ്യകാല ശാസ്ത്ര ശ്രമങ്ങൾ അറബിയിൽ നിന്ന് അറിവിന്റെ അമൂല്യശേഖരം പ്രാദേശിക ഭാഷകളിലേക്ക് തർജമ ചെയ്യുകയായിരുന്നു. യൂറോപ്പിൽ Renaissance, Enlightenment,Age of discovery, Colonialism, Industrial Revolution എന്നിവയിലൂടെ ശാസ്ത്രം അതിവേഗത്തിൽ മുന്നോട്ട് കുതിച്ചു.

Return of science to Islamic world
——————————————————–
ശാസ്ത്രം ഇസ്ലാം ലോകത്തേക്ക് രണ്ടാമത് വന്നപ്പോഴേക്കും മധ്യകാലത്ത് അവർ പരിശീലിച്ചിരുന്ന ശൈശവദശയിൽ നിന്നും ശാസ്ത്രം ഒരുപാട് പരിവർത്തനം ചെയ്യപ്പെട്ടിരുന്നു. കൊളോണിയലിസത്തിന് അവസാനം യൂറോപ്പിൽ നിന്ന് പതിയെ സ്വാതന്ത്ര്യത്തിലേക്ക് വന്നാ ഇസ്ലാം യൂറോപ്പിൻ്റെതായ എല്ലാ ആദർശങ്ങളോട് മുഖം തിരിച്ചു. ശാസ്ത്രം മാത്രമല്ല ഗ്ലോബലൈസേഷൻ, സെക്കുലറിസം, തുടങ്ങിയ ആശയങ്ങളെ ശത്രുതാ മനോഭാവത്തോടെ നേരിട്ടു. മധ്യകാല ഇസ്ലാമിൽ സംഭവിച്ചത് പോലെ തന്നെ കഴിഞ്ഞ നൂറ്റാണ്ടിന്റെ ആരംഭകാലത്ത് രണ്ടു ചിന്താരീതികൾ ഇസ്ലാമിക ലോകത്ത് ഉയർന്നുവന്നിരുന്നു. നിർഭാഗ്യവശാൽ ശാസ്ത്രീയമായി ചിന്തിക്കണമെന്നും ശാസ്ത്രത്തിന്റെ എല്ലാ വിധ ഗുണങ്ങളും ഉപയോഗിച്ചുകൊണ്ട് മുന്നോട്ട്പോകണം എന്ന് കരുതിയിരുന്ന വിഭാഗം പിന്തള്ളപ്പെട്ടു. വെളിപാട് സാഹിത്യത്തിനു വേണ്ടി വാദിച്ചവർ വീണ്ടും വിജയിച്ചു. ഭൂതകാലത്തേക്ക് തിരിച്ചു നടക്കുന്നതാണ് ഇസ്ലാമിന് നല്ലതെന്ന് അവർ ഭൂരിപക്ഷത്തെയും വിശ്വസിപ്പിച്ചു. എന്നാൽ ആ തിരിഞ്ഞു നടത്തം ഇസ്ലാമിന്റെ സുവർണ്ണ കാലഘട്ടത്തിലേക്ക് ആയിരുന്നില്ല,പകരം മധ്യകാല ഇസ്ലാമിന്റെ അവസാന സമയത്ത് ശക്തിപ്രാപിച്ച വെളിപാടിന് പ്രാധാന്യം കൊടുക്കുന്ന ചിന്താരീതിയിലേക്കായിരുന്നു.

പരിണാമം, ക്വാണ്ടം മെക്കാനിക്സ്, ശൂന്യാകാശം, പ്രപഞ്ചോൽപ്പത്തി, മനുഷ്യ ശരീരം,ഭൂമിയുടെ ഘടന, പ്രകൃതി പ്രതിഭാസങ്ങളുടെ നിർവചനം തുടങ്ങിയ എല്ലാ അറിവുകളും തന്നെ മതത്തിന്റെ അടിസ്ഥാനത്തെ തകർക്കാൻ പ്രാപ്തമായത് ആയിരുന്നു. മതത്തെ രക്ഷിക്കാൻ ആയി, ശാസ്ത്രവും മതവും ഒരിക്കലും ചേർന്ന് പോകുന്നതല്ല എന്ന നിഗമനത്തിലേക്ക് ഇസ്ലാം പണ്ഡിതർ എത്തി ചേർന്നു.

ആധുനിക ലോകത്തെ മുസ്ലിം ശാസ്ത്രജ്ഞന്മാരെ പൊതുവെ നാലായി തിരിക്കാം

(1) ശാസ്ത്രത്തെ മതത്തിന്റെ അടിസ്ഥാനത്തിൽ ന്യായീകരിക്കുന്നവർ

(2) ആധുനിക ശാസ്ത്രം കണ്ടെത്തിയ എല്ലാ അറിവുകളും ഖുർആനിൽ നേരത്തെ തന്നെ പ്രവചിച്ചിരുന്നു എന്ന് കരുതുന്നവർ

(3) ശാസ്ത്രത്തിലെ പുതിയ അറിവുകൾ ഉപയോഗിച്ച് ഇസ്ലാം മതത്തിന്റെ തത്വസംഹിത പരിഷ്കരിക്കണമെന്ന കരുതുന്നവർ

(4) മറ്റെല്ലാ മേഖലകളിലും ഉള്ള ശാസ്ത്ര അറിവുകളെ അംഗീകരിക്കുന്നു എങ്കിലും മനുഷ്യനെ സംബന്ധിച്ച് വലിയ ചോദ്യങ്ങൾ ആയ ജീവിതലക്ഷ്യം, മാനസിക സന്തോഷം, ധാർമികത തുടങ്ങിയവയിൽ ശാസ്ത്രത്തിൽ യാതൊരു റോളില്ല എന്നും അങ്ങനെയുള്ള ചോദ്യങ്ങൾക്കുത്തരം നൽകാൻ ഇസ്ലാം മതത്തിന് മാത്രമേ കഴിയുമെന്ന് കരുതുന്നവർ.

അങ്ങനെ രാഷ്ട്രീയ സാഹചര്യങ്ങളും മത രക്ഷക്കായുള്ള യാഥാസ്ഥിക ശ്രമങ്ങളും ചേർന്നു രണ്ടാംവരവിൽ സയൻസിനെ പൂർണമായും ഇസ്ലാമിൽ നിന്നകറ്റി. ലോകജനസംഖ്യയുടെ വലിയൊരു പങ്ക് ആയ ഇസ്ലാംസമൂഹത്തിൽനിന്ന് ശാസ്ത്രജ്ഞരുടെ പ്രാതിനിധ്യം തന്നെ ഇല്ലാതെയായി.നോബൽ സമ്മാന ജേതാക്കളുടെ ലിസ്റ്റിലും ശാസ്ത്ര ജേണലുകളിൽ പ്രസിദ്ധീകരിക്കുന്ന പുതിയ പേപ്പറുകൾ പ്രസിദ്ധീകരിക്കുന്നവരുടെ എണ്ണത്തിലും മുസ്ലിം ശാസ്ത്രജ്ഞൻമാർ വളരെ കുറവാണ്.

ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ നിർമ്മിത ബുദ്ധിയും ജനിറ്റിക്ക് എഞ്ചിനീയറിംഗിന്റെയും സ്പേസ് ടെക്നോളജിയുടെയും ഒക്കെ ചുവടുപിടിച്ച് ശാസ്ത്ര ലോകം അതിവേഗം മുന്നോട്ടു കുതിക്കുകയാണ്. നഷ്ടപ്പെട്ട കഴിഞ്ഞ നൂറ്റാണ്ടിലെ തെറ്റുകൾ പരിഹരിച്ച് ആരംഭകാലത്തെ പോലെ അറിവിനായി വാതിലുകൾ തുറന്നിട്ടില്ല എങ്കിൽ കോടിക്കണക്കിന് വരുന്ന ഇസ്ലാം ജനസമൂഹം ഇനിയും ഒരു പാട് പിറകിലേക്ക് തള്ളപ്പടും.

LEAVE A REPLY

Please enter your comment!
Please enter your name here